സ്നേഹം വിതച്ച മണ്ണില്‍ ‘ആ’ വീടിന് തറക്കല്ലായി
text_fieldsതിരുവനന്തപുരം: സ്നേഹം വിതച്ച പാലോട് ഗ്രാമത്തിലെ ഇത്തിരി മണ്ണില്‍, ‘ആ’ എന്ന ദീര്‍ഘാക്ഷരം മലയാളത്തിെൻറ രണ്ടാമത്തെ അക്ഷരവീടായി ഉയിർത്തെഴുന്നേല്ക്കും. അഭ്രപാളികളില്‍ അഭിനയത്തിെൻറ സുവര്ണമൂഹൂര്ത്തങ്ങള് കുറിച്ച ആദ്യകാല അഭിനേത്രി ജമീലാ മാലിക്കിന് ആലംബമാകുന്ന അക്ഷരവീടിന് മലയാള സിനിമയിലെ പ്രിയ നടൻ മധു തറക്കല്ലിട്ടു. ‘മാധ്യമം’ ദിനപത്രവും ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ. എക്സ്ചേഞ്ച് -എന്‍.എം.സി മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് ഒരുക്കുന്നത്. കലാകാരനും സഹൃദയനുമായിരുന്ന പാപ്പനംകോട് ബഷീറിെൻറ സ്മരണക്കായി അദ്ദേഹത്തിെൻറ കുടുംബം നല്കിയ സ്ഥലത്താണ് ‘ആ’ എന്ന അക്ഷരവീടിന് തറക്കല്ലിട്ടത്.
മനുഷ്യരെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മഹത്തായ പദ്ധതിയാണിതെന്ന് മധു പറഞ്ഞു. വലിയവന്‍ ചെറിയവനോട് ചെയ്യുന്ന ഒൗദാര്യമല്ല സഹായം. നമ്മുടെ കൂടെയുള്ളവര്‍ക്കുള്ള സമ്മാനമാണ്. സേവനം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളാണ് ജീവിതത്തിന് അർഥമുണ്ടാക്കുന്നതെന്നും മധു പറഞ്ഞു.
മലയാളത്തിന്‍െറ യശസ്സ് വാനോളമുയര്ത്തിയപ്പോഴും വീടിെൻറ സുരക്ഷയില്ലാതെ പോയ നിസ്സഹായര്‍ക്കുള്ള മലയാളികളുടെ സ്നേഹസമര്‍പ്പണമാണ് അക്ഷരവീടുകളെന്ന് അധ്യക്ഷത വഹിച്ച ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് വ്യക്തമാക്കി.
നമുക്കൊപ്പമുള്ളവരോട് നിര്‍വഹിക്കാന്‍ ഇനിയുമേറെ കാര്യങ്ങളുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ പദ്ധതിയെന്ന് മുഖ്യാതിഥിയായ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അഭിപ്രായപ്പെട്ടു.
വീട് വിറ്റ് ഗള്‍ഫിലെത്തിയ മലയാളിയുടെ സ്വപ്നത്തിനൊപ്പം നിന്ന അനുഭവത്തില്‍നിന്നാണ് ‘അക്ഷരവീട്’ എന്ന സ്വപ്നപദ്ധതിക്കൊപ്പം തങ്ങള്‍ ചേരാന്‍ കാരണമായതെന്ന് യു.എ.ഇ എക്സ്ചേഞ്ച് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ തലവന്‍ പ്രശാന്ത് ജെ.എച്ച് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് ചിത്രകുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡൻറ് വി.വി. അജിത്കുമാര്‍, യു.എ.ഇ എക്സ്ചേഞ്ച് ദക്ഷിണ കേരള മേധാവി ഷെറിദാസ്, വാര്‍ഡ് അംഗങ്ങളായ സലീം പള്ളിവിള, സതീശന്, ചന്ദ്രന്, ശിവഗിരി മഠം സ്വാമി യോഗേശ്വാനന്ദ, ‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍, സീനിയര്‍ റീജണല്‍ മാനേജര്‍ വി.സി. മുഹമ്മദ് സലീം, ജമീലാ മാലിക് എന്നിവര്‍ സംസാരിച്ചു. ‘മാധ്യമം’ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ മുഹമ്മദ് റഫീഖ് സ്വാഗതവും ഡെപ്യൂട്ടി റീജനല്‍ മാനേജര്‍ സലീം വി.എസ് നന്ദിയും പറഞ്ഞു.
‘മാധ്യമ’വും ‘അമ്മ’യും ‘യു.എ.ഇ എക്സ്ചേഞ്ച് -എന്‍.എം.സി ഗ്രൂപ്പും’ ചേര്‍ന്ന് ഒരുക്കുന്ന 51 അക്ഷരവീടുകളില്‍ രണ്ടാമത്തേതിെൻറ തറക്കല്ലിടലാണ് പാലോട് ഗ്രാമത്തില്‍ നിര്‍വഹിച്ചത്. തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് കായികതാരം രഖില്‍ ഘോഷിനാണ് ആദ്യ വീടൊരുങ്ങുന്നത്. ആര്‍ക്കിടെക്റ്റ് ജി. ശങ്കറിെൻറ മേല്‍നോട്ടത്തിലാണ് അക്ഷരവീടുകള്‍ യാഥാര്‍ഥ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.