ചാന്ദ്നിക്ക് ആദരമായി അക്ഷരവീട് നിർമാണം തുടങ്ങി
text_fieldsചിറ്റൂർ (പാലക്കാട്): ദീർഘദൂര ഓട്ടത്തിൽ ദേശീയതലത്തിൽ തുടർച്ചയായി വെന്നിക്കൊടി പാറിച്ച വിളയോടിയിലെ ചാന്ദ്്നിക്ക് സ്നേഹാദരമായി സമ്മാനിക്കുന്ന അക്ഷരവീടിന് തറക്കല്ലിട്ടു. പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വേർകോലിക്ക് സമീപം ഏതാനും സുമനസ്സുകളുടെ മുൻകൈയിൽ യാഥാർഥ്യമായ മൂന്നേമുക്കാൽ സെൻറ് സ്ഥലത്താണ് അക്ഷരവീട് ഒരുങ്ങുന്നത്. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും ചേർന്നാണ് ‘അക്ഷരവീട്’ പദ്ധതിക്ക് രൂപം നൽകിയത്. 51 അക്ഷരവീടുകളിൽ 12ാമത്തേയും പാലക്കാട് ജില്ലയിൽ രണ്ടാമത്തേയും വീടിെൻറ നിർമാണമാണ് വേർകോലിയിൽ തുടങ്ങിയത്. ‘ഓ’ അക്ഷരത്തെയാണ് ഈ വീട് പ്രതിനിധീകരിക്കുന്നത്.
തല ചായ്ക്കാൻ സ്വന്തമായി വീടില്ലാത്തതിെൻറ ആശങ്കകളൊഴിഞ്ഞ് ഇനി കൂടുതൽ ഉയരങ്ങളിലെത്താൻ ചാന്ദ്നിക്ക് കഴിയട്ടെയെന്ന് മുണ്ടൂർ സേതുമാധവൻ ആശംസിച്ചു. ചാന്ദ്നിയെപോലുള്ളവരുടെ ജന്മനാട്ടിലെ എം.എൽ.എയായി അറിയാനാണ് ആഗ്രഹമെന്ന് വീടിെൻറ ശിലാഫലകം കൈമാറിയ കെ. കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു.
നാടിെൻറയും സമൂഹത്തിെൻറയും ആദരമാണ് ഈ സ്നേഹവീടെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പ്രതിനിധിയും നടനുമായ ഷാജു ശ്രീധർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ‘അക്ഷരവീട്’ പദ്ധതി ഏറെ മാതൃകാപരമാണെന്ന് സന്ദേശം നൽകിയ യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പ് റീജനൽ മേധാവി പി. ദിലീപ് പറഞ്ഞു.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മാരിമുത്തു അധ്യക്ഷത വഹിച്ചു. ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ വി. ഹംസ, ചിറ്റൂർ തത്തമംഗലം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. ഷീജ, കൗൺസിലർ ബി. കൃഷ്ണലീല, ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. രാജീവൻ, കായികാധ്യാപിക ലാലി ഷാജു, കോച്ച് കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ടി.കെ. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രമുഖ വാസ്തു ശിൽപി ജി. ശങ്കറാണ് വീടിെൻറ രൂപകൽപന നിർവ്വഹിച്ചത്.
ഹൈജംപിൽ തുടങ്ങി ദീർഘദൂര ഓട്ടത്തിൽ നേട്ടം കൊയ്ത ചരിത്രമാണ് ചാന്ദ്നിയുടേത്. 2014ൽ സബ്ജൂനിയർ 600 മീറ്ററിൽ ജില്ലയിലും സംസ്ഥാനത്തും ദേശീയതലത്തിലും ഒന്നാം സ്ഥാനം ഈ മിടുക്കിക്ക് ലഭിച്ചു. 2015ലും ഇതേ ഇനത്തിൽ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു.
2016ലെ ജൂനിയർ 1500, 3000 മീറ്ററുകളിൽ ജില്ലയിലും സംസ്ഥാനത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേവർഷം ദേശീയതലത്തിൽ 1500 മീറ്ററിൽ ഒന്നാം സ്ഥാനം നേടി. 2017ൽ ദേശീയതലത്തിൽ 1500 മീറ്റർ ജേതാവും ചാന്ദ്നി തന്നെ. വിളയോടി അലയാർ സ്വദേശി ചന്ദ്രെൻറ ഏകമകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.