ആഘോഷമായി, അക്ഷരവീട് കൈമാറി
text_fieldsനിലമേൽ: നിലയ്ക്കാത്ത കൈയടികളുടെയും അണമുറിയാത്ത ആവേശത്തിെൻറയും അകമ്പടിയിൽ 'മാധ്യമം' 'അം' അക്ഷരവീടിെൻറ സമർപ്പണവും 'ഥ' അക്ഷരവീടിെൻറ നിർമാണോദ്ഘാടനവും നടന്നു. നിലമേൽ എസ്.എച്ച് ഓഡിറ്റോറിയത്തിലേക്കെത്തിയ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചലച്ചിത്ര താരസംഘടന 'അമ്മ'യുടെ പ്രതിനിധി ചലച്ചിത്രതാരം മധുപാലാണ് മെമ്മറി അത്ലറ്റ് ശാന്തി സത്യനുള്ള അക്ഷരവീട് സമർപ്പണവും ഒളിമ്പ്യൻ മുഹമ്മദ് അനസിെൻറ അക്ഷരവീടിെൻറ നിർമാണോദ്ഘാടനവും നിർവഹിച്ചത്.
നന്മയുടെ വെളിച്ചം ഇനിയും അറ്റുപോയിട്ടില്ലെന്നതിന് തെളിവാണ് 'മാധ്യമ'ത്തിെൻറ അക്ഷരവീട് പദ്ധതിയെന്ന് മധുപാൽ പറഞ്ഞു. ഇരുട്ടിലേക്കല്ല വെളിച്ചത്തിലേക്കാണ് നന്മയുള്ള ഈ പദ്ധതി കൂട്ടിക്കൊണ്ട് പോകുന്നത്.
ദൈവത്തിെൻറ കൈയൊപ്പുള്ള ചടങ്ങാണിത്. പതിനാല് വാടകവീടുകളിലെ താമസത്തിന് ശേഷമാണ് സ്വന്തമായൊരു വീട് നിർമിക്കാനായതെന്നും സ്വന്തമായി വീടില്ലാത്ത അവസ്ഥ നന്നായി അറിയുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പലകാരണങ്ങളാൽ വീടില്ലാതെ പോയ പ്രതിഭകൾക്ക് 'മാധ്യമ'വും 'യൂനിമണി'യും 'അമ്മ'യും എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി ഏറെ സഹായകരമാകുന്നെന്ന് മധുപാൽ കൂട്ടിച്ചേർത്തു. കടയ്ക്കൽ ചായികോട്ടാണ് ശാന്തി സത്യനായി അക്ഷരവീട് പൂർത്തിയാക്കിയിരിക്കുന്നത്. നിലമേൽ ടൗണിന് സമീപത്ത് ശശിധരൻ നായർ എന്ന മനുഷ്യസ്നേഹി സൗജന്യമായി നൽകിയ ഭൂമിയിലാണ് ഒളിമ്പ്യൻ അനസിനായി 'ഥ' അക്ഷരവീട് നിർമിക്കുന്നത്.
പത്മശ്രീ ജി. ശങ്കറാണ് വീടുകളുടെ രൂപകല്പന. 2020ലാണ് ചായിക്കോട്ട് ശാന്തി സത്യെൻറ അക്ഷരവീടിന് തറക്കല്ലിട്ടത്. 'മാധ്യമം' എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ അധ്യക്ഷതവഹിച്ചു. ശാന്തി സത്യന് മധുപാൽ പ്രശസ്തിപത്രവും നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വിനീത പൊന്നാടയും അണിയിച്ചു. നിലമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, ടൗൺ വാർഡ് അംഗം എ.എം. റാഫി, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. മാധുരി, 'മാധ്യമം' ജില്ല രക്ഷാധികാരി ഇ.കെ. സിറാജുദ്ദീൻ, നിലമേൽ റൂറൽ ബാങ്ക് പ്രസിഡൻറ് എ. മുഹമ്മദ് കുഞ്ഞ്, അൻസർ, ശാന്തി സത്യൻ എന്നിവർ സംസാരിച്ചു. മാധ്യമം റീജനൽ മാനേജർ ബി. ജയപ്രകാശ് സ്വാഗതവും പരസ്യവിഭാഗം മാനേജർ ജെ.എസ്. സാജുദ്ദീൻ നന്ദിയും പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണിയുടെയും ഒളിമ്പ്യൻ മുഹമ്മദ് അനസിെൻറയും സന്ദേശങ്ങൾ വേദിയിൽ വായിച്ചു. ഹാബിറ്റാറ്റ് പ്രോജക്ട് എൻജിനീയർ എസ്. നവിലാലിനും മാധ്യമം എ.എഫ്.സി എ.കെ. റഫീഖിനും ഉപഹാരങ്ങൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.