ഇടുക്കിയിലെ ആദ്യ 'അക്ഷരവീട്' സബിത സാജുവിന്; നാളെ കൈമാറും
text_fieldsനെടുങ്കണ്ടം (ഇടുക്കി): കേരളത്തിന്റെ അഭിമാനമായ ദേശീയ കായികതാരം സബിത സാജുവിന് നെടുങ്കണ്ടത്തിനടുത്ത് ചേമ്പളം വട്ടപ്പാറയിൽ പണി പൂർത്തീകരിച്ച 'അക്ഷരവീട്' ശനിയാഴ്ച സമർപ്പിക്കും. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്.
ഇടുക്കി ജില്ലയിലെ ആദ്യ അക്ഷരവീടാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ പാമ്പാടുംപാറ പഞ്ചായത്തിലെ വട്ടപ്പാറയിൽ കാളിയാനിയിൽ കെ.സി. സാജു-അമ്മിണി സാജു ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഇളയവളാണ് സബിത.
സജിത, സനിത എന്നിവരാണ് സഹോദരികൾ. വാസ്തുശിൽപി ജി. ശങ്കറിെൻറ രൂപകൽപനയിൽ തുടക്കംകുറിച്ചതാണ് അക്ഷരവീട് പദ്ധതി. കല-കായിക-സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ മലയാളത്തിന്റെ പേരും പെരുമയും വാനോളം ഉയർത്തുകയും എന്നാൽ, ജീവിതത്തിന്റെ തിരശ്ശീലയിൽ തെളിയാതെ പോകുകയും ചെയ്ത പ്രതിഭകൾക്ക് മലയാളിസമൂഹം നൽകുന്ന ആദരവാണ് അക്ഷരവീടുകൾ.
കോതമംഗലം മാർ അത്തനാസിയോസ് കോളജിൽ ബി.എ സോഷ്യോളജി മൂന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ് സബിത. ശനിയാഴ്ച രാവിലെ 11ന് 'അക്ഷരവീട്ടി'ൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, നടി ഹണി റോസ് എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.