അക്ഷയ നെൽവിത്തിന് പ്രിയമേറുന്നു
text_fieldsകല്ലടിക്കോട്: മലയാളിയുടെ അരിയാഹാരത്തിെൻറ രുചിക്ക് മാറ്റുകൂട്ടാൻ അക്ഷയ നെല്ലും. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇനമായ അക്ഷയ കർഷകർക്കിടയിൽ പ്രിയങ്കരമായി മാറി. കൃഷിവകുപ്പ് ഇതിന് വ്യാപകമായ പ്രചാരണമാണ് നൽകുന്നത്. തച്ചമ്പാറയിൽ ഇത്തവണ കർഷകർ അക്ഷയയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതിെൻറ വിളവെടുപ്പു കാലമാണ്.
പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അക്ഷയ (പി.ടി.ബി-62) രണ്ടാംവിളക്കായി ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടാം വിളയിൽ മറ്റു പല ഇനങ്ങൾക്കുമുള്ള പ്രധാന ദോഷം പാകമാകുമ്പോൾ പാടത്തേക്കു ചാഞ്ഞുവീഴുമെന്നതാണ്. എന്നാൽ പുതിയ ഇനത്തിന് ഈ ദോഷമില്ല.
വിപണിയിൽ സുലഭമായ പ്രണവ, ചേറ്റടി എന്നീ ഇനങ്ങളുടെ സങ്കരയിനമാണ് ഇത്. 130-140 ദിവസം വരെയാണ് കൃഷിയുടെ ദൈർഘ്യം. ഒന്നാമത്തെ ഇനത്തിലെ പോലെ തന്നെ ശ്വേത, ഉമ, കരുണ എന്നീ ഇനങ്ങളെക്കാൾ വിളവ് ഉറപ്പ്. വിവിധ രോഗങ്ങളിൽ നിന്നു പ്രതിരോധ ശേഷി കൂടിയതാണ്. നേരേ നിൽക്കുന്ന തണ്ടും നീണ്ടു ചെറുതായി വളഞ്ഞ സൗന്ദര്യമുള്ള കതിരുകളും പ്രത്യേകതയാണ്. ഉയർന്ന ഊഷ്മാവിലും മഴക്കാലത്തും കൃഷിയിറക്കാം.
നെന്മണി ചെറുതും ഉരുണ്ടതുമാണ്. നെല്ല് കുത്തിയെടുക്കുമ്പോൾ 70 ശതമാനം അരി കിട്ടും. ബസുമതിയുടെയത്ര ഇല്ലെങ്കിലും നെല്ല് പൂത്തുലയുന്നതോടെ ആരെയും ആകർഷിക്കുന്ന ചെറിയ സുഗന്ധവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.