99-41 കിറുകൃത്യം; ഇവിടെയുണ്ട് പ്രവചനസിംഹം അൽ അമീൻ
text_fieldsദുബൈ: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ചാനലുകളുടെയും പത്രങ്ങളുടെയും എക്സിറ്റ് പോളുകളും സർവേയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് നിൽക്കുേമ്പാൾ ദുബൈയിലിരുന്ന് അക്ഷരം തെറ്റാതെ പ്രചവനം നടത്തിയിരിക്കുകയാണ് തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശി അൽ അമീൻ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപത്തെ ദിവസം ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമാണ് അമീൻ തെൻറ പ്രവചനം പോസ്റ്റ് ചെയ്തത്. എൽ.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും എൻ.ഡി.എക്ക് പൂജ്യവുമാണ് അമീൻ പ്രവചിച്ചത്. ഫലം വന്നപ്പോൾ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, കിറുകൃത്യം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട് എന്നല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്തിയത് ആദ്യമായാണെന്ന് 27കാരനായ അമീൻ പറയുന്നു. നാട്ടിൽ ട്രാവൽസിൽ ജോലി ചെയ്തിരുന്ന അമീൻ ജോലി തേടിയാണ് ദുബൈയിൽ എത്തിയിരിക്കുന്നത്. നിലവിൽ സഹോദരി സുമയ്യയുടെ കുടുംബത്തോടൊപ്പം ദിബ്ബ അൽഹിസനിലാണ് താമസം.
ഒരു മാസമായി തെരഞ്ഞെടുപ്പ് പ്രവചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുന്നു. 120 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. പക്ഷെ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷം ഉണർന്ന് പ്രവർത്തിച്ചതും സ്വർണക്കടത്ത്, പി.എസ്.സി നിയമനം, ആഴക്കടൽ മത്സ്യ ബന്ധനം തുടങ്ങിയവയും ഇടതുപക്ഷത്തിെൻറ സീറ്റ് കുറക്കുമെന്ന് കരുതി. അങ്ങിനെയാണ് 99- 41ൽ പ്രചവനം നടത്തിയത്. ഇത് വെറും 'തള്ളാണ്' എന്നായിരുന്നു ആദ്യം വന്ന കമൻറുകൾ. കുറച്ച് കുറക്കാൻ പറ്റുമോ എന്ന് പോലും പലരും ചോദിച്ചു.
പ്രവചനം കിറുകൃത്യമായെങ്കിലും അമീന് പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് ചായ്വില്ല. ഓരോ സമയത്തെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടും സ്ഥാനാർഥിയുടെ ഗുണഗണങ്ങളും പരിഗണിച്ചായിരിക്കും വോട്ട്. പിണറായി സർക്കാറിന്‍റെ ജനകീയ നയങ്ങളും പ്രളയം, നിപ, കോവിഡ് പോലുള്ള ദുരന്തങ്ങളെ മികച്ച രീതിയിൽ നേരിട്ടതുമാണ് ഇടതുപക്ഷത്തിന് തുണയായതെന്നാണ് അമീെൻറ വിശ്വാസം. ഇത് കണക്കാക്കിയാണ് സീറ്റ് പ്രവചനം നടത്തിയത്.
മലേഷ്യയിൽ കളരി അഭ്യസിആയിരുന്ന ഉസ്താദ് ഹംസ ഗുരുകളുടെ മകനായ അൽഅമീൻ അവിവാഹിതനാണ്. ബി.കോം ബിരുദദാരിയായ അമീൻ അയാട്ട പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നല്ലൊരു ജോലിയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.