എം.ഡി.എം.എയിലും മായം; അളവ് കൂട്ടാൻ ലഹരിമാഫിയ ഉപയോഗിക്കുന്നത് ഇതാണ്
text_fieldsമാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം സംസ്ഥാനത്ത് ഭയാനകമായ അളവിൽ വർധിച്ചിരിക്കുകയാണ്. പൊലീസ് പരിശോധനയിലും മറ്റുമായി യുവാക്കളിൽ നിന്ന് വലിയ തോതിലാണ് മയക്കുമരുന്ന് പിടികൂടുന്നത്. ആവശ്യക്കാർ വർധിച്ചതോടെ ലാഭം വർധിപ്പിക്കാൻ ലഹരിമാഫിയ പുതിയ വഴികൾ തേടുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു ഗ്രാം എം.ഡി.എം.എക്ക് 2500 രൂപ മുതൽ 10000 രൂപക്ക് വരെയാണ് ഇടപാടുകൾ നടക്കുന്നത്. സംസ്ഥാനത്ത് ലഹരി മാഫിയ വിപണനം നടത്തുന്ന എം.ഡി.എം.എയിൽ നാലിലൊന്ന് മായം ചേർത്തതാണെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
സമീപകാലത്ത് പിടിച്ചെടുത്ത എം.ഡി.എം.എയിൽ ആലം കല്ല് പൊടിച്ച് ചേർത്തതായി കണ്ടെത്തിയിരുന്നു. നാലിലൊന്ന് എന്ന അനുപാതത്തിലാണ് ആലം കല്ല് പൊടിച്ച് ചേർക്കുന്നതെന്ന് പിടിയിലായവർ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ബാർബർ ഷാപ്പുകളിൽ ഷേവിങ്ങിന് ശേഷം ആന്റി സെപ്റ്റികായി ഉപയോഗിക്കുന്ന വസ്തുവാണ് ആലം കല്ല് എന്ന സ്ഫടികക്കാരം.
ലാബിൽ നിർമിച്ചെടുക്കുന്ന ലഹരി വസ്തുവാണ് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ. കേരളത്തിൽ ഇത്തരം ലാബുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും പ്രവർത്തിക്കുന്ന ലാബുകളിൽ നിർമിക്കുന്ന എം.ഡി.എം.എ സംസ്ഥാനത്ത് എത്തിക്കുകയാണെന്നാണ് എക്സൈസ് വകുപ്പ് വിശദീകരിക്കുന്നത്. എം.ഡി.എം.എയുടെ പ്രധാന വിപണിയായി കേരളം മാറിയിട്ടുണ്ട്. നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരകമയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്കെത്തുന്നതെന്ന് എക്സൈസ് വകുപ്പ് പറയുന്നു. പൊടി, ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവുമടക്കം വൻ നഗരങ്ങളിൽ രഹസ്യനിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
എക്സൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺവരെ 3.54 കിലോ എം.ഡി.എം.എ സംസ്ഥാനത്തുനിന്ന് പിടികൂടി. 2021ൽ ഇതിന്‍റെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു. 6.60 കിലോയാണ് ആ വർഷം പിടിച്ചെടുത്തത്. 2020ൽ 563 ഗ്രാമും 2019ൽ 230 ഗ്രാമും പിടികൂടിയെങ്കിൽ 2018ൽ ഇത് 31.14 കിലോയായിരുന്നു. ആ വർഷം സെപ്റ്റംബറിൽ മാത്രം വിവിധ ജില്ലകളിൽനിന്നായി 26.08 കിലോ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.