അലനും താഹയും ജയിൽ മോചിതരായി
text_fieldsതൃശൂർ: കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുൈഹബും താഹ ഫസലും ജയിൽ മോചിതരായി. പത്ത് മാസത്തിനു ശേഷമാണ് ജയിൽ മോചിതരാകുന്നത്. വീയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്.
കർശന ഉപാധികളോടെ ബുധനാഴ്ച രാവിലെ എൻ.ഐ.എ സ്പെഷൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയാറാക്കുന്നതും ഉത്തരവ് ലഭിക്കുന്നതും നീണ്ടതാണ് മോചനം വൈകിപ്പിച്ചത്.
ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഇന്ന് രാവിലെ ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹരജിയിൽ എൻ.ഐ.എ പറഞ്ഞിരുന്നു. കൂടാതെ, ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ സ്പെഷൽ കോടതിയിലും അന്വേഷണ സംഘം അപേക്ഷ നൽകിയരുന്നു. എന്നാൽ, ഈ അപേക്ഷ സ്പെഷൽ കോടതി തള്ളി.
പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മാവോവാദി സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ജാമ്യത്തിന് കോടതി വെച്ച നിബന്ധനകൾ.
സന്തോഷമെന്ന് ഒറ്റവാക്കിൽ പ്രതികരണം
ഉച്ചക്ക് 2.45ഓടെയാണ് ഇരുവരും നടപടിക്രമങ്ങൾ പൂർത്തിയാക്കി വിയ്യൂർ ജയിലിന് പുറത്തിറങ്ങിയത്. സന്തോഷമെന്ന് ഒറ്റവാക്കിൽ ഇരുവരും പ്രതികരണം ഒതുക്കി. കടുത്ത ജാമ്യവ്യവസ്ഥകൾ ഉള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്.
ഉച്ചക്ക് ഒരു മണിയോടെ അലൻെറയും താഹയുടെയും രക്ഷിതാക്കൾ ജാമ്യ ഉത്തരവും ബോണ്ടുകളുമായി വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്ത നടപടികൾക്ക് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്.
ഒപ്പം നിന്നവർക്ക് നന്ദി -അലൻെറ അമ്മ
മകൻ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബിൻെറ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും സബിത പറഞ്ഞു.
അതിസുരക്ഷാ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ആദ്യ യു.എ.പി.എ തടവുകാർ
കേരളത്തിലെ ആദ്യ അതിസുരക്ഷാ ജയിലിൽ യു.എ.പി.എ തടവിൽ കഴിയുന്നവരിൽ ആദ്യമായി പുറത്തിറങ്ങുന്ന തടവുകാരാണ് അലനും താഹയും. നേരത്തെ, മാവോവാദി നേതാവ് രൂപേഷിനെ അതിസുരക്ഷാ ജയിലിൽ നിന്ന് മാറ്റിയെങ്കിലും ജയിൽ മോചിതനായിരുന്നില്ല.
ജാമ്യം: എൻ.ഐ.എ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർക്ക് ജാമ്യം അനുവദിച്ച കീഴ്കോടതി ഉത്തവിനെതിരായ എൻ.ഐ.എയുടെ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
നിയമവശം പരിശോധിക്കാതെയും തെളിവുകൾ ശരിയായി വിശകലനം ചെയ്യാതെയുമാണ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന വിധി പ്രത്യേക കോടതി പുറപ്പെടുവിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എൻ.ഐ.എ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ചില സാങ്കേതിക വിഷയങ്ങൾകൂടി പരിഗണിക്കേണ്ടതിനാൽ ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റുകയായിരുന്നു.
2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, നിരോധിത സംഘടനയിൽ അംഗങ്ങളാണ് ഇവരെന്ന് പ്രോസിക്യൂഷന് വാദമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, സമൂഹത്തിൽ അരാജകത്വത്തിന് കാരണമായേക്കാവുന്ന ഉത്തരവാണിതെന്ന് എൻ.ഐ.എ വാദിച്ചു. സർക്കാറിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ലഘുലേഖകളും പ്രസിദ്ധീകരണങ്ങളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. സി.പി.എം മാവോയിസ്റ്റ് സംഘടനയിലെ സജീവ പ്രവർത്തകരാണ് ഇരുവരുമെന്ന് വെളിപ്പെടുത്തുന്നതാണ് പിടിച്ചെടുത്ത തെളിവുകൾ. രേഖകളുടെ ആധികാരികതയും മറ്റും കീഴ്കോടതി അംഗീകരിച്ചെങ്കിലും ശരിയായ വിലയിരുത്തലില്ലാതെയാണ് ഉത്തരവുണ്ടായത് - ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.