എല്ലാ വിഭാഗം ജനങ്ങളും ഇസ്ലാമിന്റെ നന്മ തിരിച്ചറിയണമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsകൊച്ചി: എല്ലാ വിഭാഗം ജനങ്ങളും ഇസ്ലാമിന്റെ നന്മ തിരിച്ചറിയണമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. മുഹമ്മദ് നബിയെ വായിക്കുമ്പോൾ എന്ന വിഷയത്തിൽ ഡയലോഗ് സെന്‍റർ കേരള സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ ആദരിക്കുന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശാലമായ മാനവികതയോടെ മനുഷ്യനെ കാണാനുള്ള സംസ്കാരം വളർത്തുന്ന ഗ്രന്ഥമാണ് ഖുർആൻ. കണ്ണുതുറപ്പിക്കുന്ന ഖുർആനിന്‍റെ സംബോധന തന്നെ അല്ലയോ മനുഷ്യസമൂഹമേ എന്നാണ്. അവിടെ വേർതിരിവുകളില്ല.
ദാരിദ്ര്യത്തിന്‍റെ ബുദ്ധിമുട്ടുകളും അനാഥത്വത്തിന്‍റെ വേദനയുമില്ലാത്ത രാഷ്ട്രമാണ് പ്രവാചകൻ മുഹമ്മദ് നബി വിഭാവനം ചെയ്തതെന്നും ഈ രണ്ട് പ്രയാസങ്ങളും പ്രവാചകൻ അനുഭവിച്ചിട്ടുണ്ടെന്നതിനാലാണതെന്നും അദ്ദേഹം പറഞ്ഞു.
ഡയലോഗ് സെന്‍റർ കേരള ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷതവഹിച്ചു. സംവാദങ്ങൾ ഇല്ലാതാകുമ്പോഴാണ് സംഘർഷങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകളുടെ സാധ്യതകൾ നഷ്ടപ്പെടുന്ന കാലത്ത് ഡയലോഗ് സെന്‍റർ അതിനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശാന്തിഗിരി ആശ്രമം സെക്രട്ടറി ഫാ. ബിനു സാമുവേൽ, അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. കെ. അരവിന്ദാക്ഷൻ, ഡയലോഗ് സന്‍റർ കേരള ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി, സിറ്റി രക്ഷാധികാരി എം.പി. ഫൈസൽ, എന്നിവർ സംസാരിച്ചു. പ്രബന്ധ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങൾക്ക് അർഹരായ പി.കെ. വിജയരാഘവൻ, ഡോ. ഒ. രാജേഷ്, ഗോപിനാഥ് മേമുണ്ട എന്നിവരടക്കം നിരവധിപേർക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു. ഡയലോഗ് സെന്‍റർ കേരള സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ സ്വാഗതവും എറണാകുളം ഗ്രാൻഡ് മസ്ജിദ് സെക്രട്ടറി വി.കെ. അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.