ആലപ്പുഴയിൽ എൽ.ഡി.എഫിന് വിമതർക്ക് മുന്നിലും വീഴാത്ത വിജയം
text_fieldsആലപ്പുഴ: കായംകുളം മുനിസിപ്പൽ ചെയർമാൻ പരാജയപ്പെടുകയും ചേർത്തല, മാവേലിക്കര മുനിസിപ്പാലിറ്റികളിൽ െറബലുകൾ ജയിച്ചതും അടക്കമുള്ള തിരിച്ചടികൾ സി.പി.എം ഏറ്റുവാങ്ങിയെങ്കിലും പുന്നപ്ര-വയലാർ വിപ്ലവഭൂമിയുടെ നാടായ ആലപ്പുഴയിൽ എൽ.ഡി.എഫ് ആധിപത്യം ഉറപ്പിക്കുന്നതായി തെരഞ്ഞെടുപ്പുഫലം. ചേർത്തലയിൽ മുൻ ലോക്കൽ സെക്രട്ടറി പി.എസ്. ശ്രീകുമാറും മാവേലിക്കരയിൽ ഉമ്പർനാട് വടക്ക് ബ്രാഞ്ച് സെക്രട്ടറി കെ.വി. ശ്രീകുമാറും സി.പി.എം െറബലുകളായി വിജയിച്ചത് ഇടതുകേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തി സ്വതന്ത്രയായി മത്സരിച്ച ജെ. സിന്ധു ജയിച്ചു.
മുഹമ്മ പഞ്ചായത്ത് പ്രസിഡൻറും മുതിർന്ന സി.പി.എം നേതാവുമായ ജെ. ജയലാലിനെതിരെ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ പേഴ്സനൽ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രെൻറ വിജയവും സി.പി.എം കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്. കണ്ണർകാട്ടെ പി. കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയായിരുന്ന ലതീഷിനെ അടുത്തിടെയാണ് കോടതി വെറുതെവിട്ടത്. ഗ്രൂപ്പുവഴക്കിെൻറ നാളുകളിൽ പിണറായി വിജയെൻറ കോലം കത്തിച്ച കേസിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ലതീഷ് പാർട്ടിയിലേക്ക് തിരികെവരാൻ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു.
മുനിസിപ്പൽ ചെയർമാനായിരുന്ന സി.പി.എം ജില്ല കമ്മിറ്റി അംഗംകൂടിയായ എൻ. ശിവദാസൻ കായംകുളത്ത് വിമതന് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. ആലപ്പുഴയും ചേർത്തലയും തിരിച്ചുപിടിച്ച എൽ.ഡി.എഫിന് മാവേലിക്കരയിൽ ഭരണം നഷ്ടമായതും ചർച്ചയാകും. കോൺഗ്രസിലെ മുതിർന്ന നേതാക്കളും നഗരസഭ അധ്യക്ഷരുമായിരുന്ന ആലപ്പുഴയിലെ തോമസ് േജാസഫും മാാവേലിക്കരയിലെ കെ.ആർ. മുരളീധരനും ചേർത്തലയിലെ ജയലക്ഷ്മിയുമൊക്കെ പരാജയത്തിെൻറ കയ്പുനീര് അറിഞ്ഞവരിൽപെടുന്നു. ആലപ്പുഴയിൽ ചരിത്രത്തിൽ ആദ്യമായി മുസ്ലീം ലീഗിന് ആറുപേർ മത്സരിച്ചിട്ടും ഒരാളെപോലും വിജയിപ്പിക്കാനാകാത്തത് യു.ഡി.എഫിനെയും ഉലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.