‘മഴയല്ലേ മോനേ; ഇന്ന് സിനിമക്ക് പോണ്ട’; അമ്മയുടെ വിലക്ക് മറികടന്ന് ദേവനന്ദന്റെ യാത്ര അവസാനിച്ചത് മരണത്തിൽ
text_fieldsകോട്ടക്കൽ: ‘‘മഴയല്ലേ മോനേ, ഇന്ന് ഇനി സിനിമക്ക് പോണ്ട’’- ഇക്കാര്യം പറയുമ്പോൾ രഞ്ജിമോൾ ഓർത്തിരിക്കില്ല; ഇനി മകനോട് ഒരിക്കലും മിണ്ടാനാകില്ലെന്ന്. സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോകുന്നെന്നു പറഞ്ഞ് ദേവനന്ദൻ തിങ്കളാഴ്ച രാത്രി കോട്ടക്കൽ ചീനംപുത്തൂരിലെ ‘ശ്രീ വൈഷ്ണവ’ത്തിലേക്ക് വിളിച്ചപ്പോഴാണ് അമ്മ രഞ്ജിമോൾ പോകേണ്ടെന്ന് വിലക്കിയത്.
പക്ഷേ, കൂട്ടുകാർക്കൊപ്പമുള്ള ആ യാത്ര അന്ത്യയാത്രയായത് ടി.വിയിലൂടെയാണ് മാതാപിതാക്കളായ രഞ്ജിമോളും ബിനുരാജും അറിഞ്ഞത്. പുലർച്ചെ തന്നെ ഇരുവരും കോട്ടയം പാലാ മറ്റക്കരയിലെ തറവാട്ടിലേക്ക് തിരിച്ചിരുന്നു. അറക്കൽ എ.എം യു.പി സ്കൂളിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇവർ കോട്ടക്കലിൽ എത്തിയത്.
തിരൂർ വാണിജ്യനികുതി ഓഫിസിൽ ജൂനിയർ സൂപ്രണ്ടാണ് രഞ്ജിമോൾ. മലപ്പുറം തെന്നല എം.എ.എം യു.പി സ്കൂൾ അധ്യാപകനാണ് ബിനുരാജ്. പത്ത് വർഷം മുമ്പാണ് ഇവർ കോട്ടക്കൽ ചീനംപുത്തൂരിൽ വീട് വാങ്ങിയത്. കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു ദേവനന്ദന്റെയും ജ്യേഷ്ഠനും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയുമായ ദേവദത്തിന്റെയും പഠനം. തുടർന്ന് ദേവനന്ദൻ പാലാ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പഠനമാരംഭിച്ചു.
പഠിക്കാൻ മിടുക്കനായിരുന്നു ദേവനന്ദൻ. ആദ്യശ്രമത്തിൽതന്നെ എൻട്രൻസ് കിട്ടി. നവംബർ ഒമ്പതിനാണ് അവസാനമായി വീട്ടിലെത്തിയത്. ദേവനന്ദന്റെ (19) മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് മൃതദേഹം മറ്റക്കരയിലെ വീട്ടിലെത്തിച്ചത്. മാതാപിതാക്കളായ ബിനുരാജും രഞ്ജിമോളും സഹോദരൻ ദേവദത്തനും ആംബുലൻസിൽ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.