ആലപ്പുഴ അപകടം; ആദ്യ എഫ്.ഐ.ആർ പൊലീസ് തിരുത്തി, കാറോടിച്ച വിദ്യാർഥി പ്രതി
text_fieldsആലപ്പുഴ കളർകോടിനടുത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ ശ്രീദീപ് വത്സൻ, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദൻ, മുഹമ്മദ് അബ്ദുൽ ജബ്ബാർ
ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കാറോടിച്ച ഗൗരിശങ്കറിനെയാണ് പ്രതിയാക്കുക.
കെ.എസ്.ആർ.ടി.സി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്.ഐ.ആർ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.
വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്. അപകടത്തിൽ പരിക്കേറ്റ് ഗൗരിശങ്കർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പ്രതി ചേർത്താണ് പൊലീസ് ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റർ ചെയ്തിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്ന് നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുൽ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
കളർകോടിനടുത്ത് ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവർ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. സിനിമ കാണാനായി സുഹൃത്തുക്കൾ ഒന്നിച്ചുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.