ഒറ്റ മകനായിരുന്നു...ശ്രീദീപിന് കണ്ണീരോടെ വിട
text_fieldsപാലക്കാട്: ഡോക്ടറാവുകയെന്ന സ്വപ്നംപേറി ആലപ്പുഴയിലേക്കു പോയ ശ്രീദീപ് മടങ്ങിയെത്തിയത് ചേതനയറ്റ്. പഠനത്തിലും കായികരംഗത്തും മിടുക്കനായിരുന്നു കളർകോട് വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പാലക്കാട് ശേഖരീപുരം കാവുതെരുവ് ‘ശ്രീവിഹാറി’ൽ ശ്രീദീപ് വത്സൻ. പാലക്കാട് ഭാരത് മാതാ സ്കൂൾ റിട്ട. അധ്യാപകൻ വത്സന്റെയും ജില്ല കോടതിയിലെ അഭിഭാഷക പി. ബിന്ദുവിന്റെയും ഏകമകൻ. സിനിമക്കു പോയി വരാമെന്നു പറഞ്ഞ് രാത്രി വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ, അധികം വൈകാതെ മകന്റെ മരണവാർത്തയാണ് ആ മാതാപിതാക്കൾ കേട്ടത്. വേർപാട് താങ്ങാനാകാതെ ഇരുവരും തളർന്നു; ആശ്വസിപ്പിക്കാനാകാതെ നാടും.
എൽ.കെ.ജി മുതൽ പ്ലസ് ടു വരെ ഭാരത് മാതാ സ്കൂളിലായിരുന്നു പഠനം. 2018ലെ ദേശീയ സ്കൂൾ കായികമത്സരത്തിൽ 100 മീറ്റർ ഹർഡ്ൽസിൽ കേരളത്തെ പ്രതിനിധാനംചെയ്തിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ വെള്ളി മെഡൽ ജേതാവാണ്. പ്ലസ് ടുവിനുശേഷം പാലായിൽ എൻട്രൻസ് പരിശീലനത്തിന് ചേർന്നു. രണ്ടാമത്തെ ശ്രമത്തിലാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചത്. വണ്ടാനത്തെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മൃതദേഹം ശേഖരീപുരത്തെ വീട്ടിലെത്തിച്ചു.
അവസാനമായി ഒരു നോക്ക് കാണാൻ സുഹൃത്തുക്കളെല്ലാം എത്തിയിരുന്നു. ജീവനറ്റ് ശ്രീദീപ് വീട്ടിലെത്തിയതോടെ അമ്മ നിലവിട്ട് പൊട്ടിക്കരഞ്ഞു. സുഹൃത്തുക്കളും വിതുമ്പലടക്കാൻ പാടുപെട്ടു. മൃതദേഹം പൊതുദർശനത്തിനുശേഷം ആറു മണിയോടെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
ഇനിയൊരു ഉണർവില്ലാതെ..
നീറ്റ് പരീക്ഷയിൽ നേടിയത് 876ാം റാങ്ക്
പഴയങ്ങാടി (കണ്ണൂർ): കുടുംബത്തിന്റെയും നാട്ടുകാരുടെയും ഹൃദയത്തുടിപ്പാവേണ്ട മുഹമ്മദ് അബ്ദുൽ ജബ്ബാർ ‘ഫജ്ർ’ വീട്ടിൽ തിരിച്ചെത്തിയത് ഇനിയൊരു ഉണർവില്ലാതെ. ആലപ്പുഴ കളർകോട്ടെ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി 10ഓടെയാണ് വീട്ടിലെത്തിച്ചത്. നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ 876ാം റാങ്ക് നേടിയാണ് എം.ബി.ബി.എസ് പഠനത്തിന് ചേർന്നത്. ആദ്യ അലോട്ട്മെന്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സെലക്ഷന് ലഭിച്ചെങ്കിലും രണ്ടാം അലോട്ട്മെന്റിൽ ആലപ്പുഴ ലഭിച്ചപ്പോൾ പഠനം അവിടെയാക്കി. കുട്ടിക്കാലം മുതൽ ഡോക്ടറാകണമെന്ന് സ്വപ്നംകണ്ട മുഹമ്മദ് അബ്ദുൽ ജബ്ബാറിന് പൂർണ പിന്തുണയുമായി കുടുംബം ഒപ്പംനിന്നു. മാട്ടൂൽ നോർത്ത് സ്വദേശിയും സൗദി അറേബ്യയിലെ ഖർജിൽ ബിസിനസുകാരനുമാണ് പിതാവ് സി.എം. അബ്ദുൽ ജബ്ബാർ. മാതാവ് എസ്.എൽ.പി. ഫാസിലയും സഹോദരങ്ങളുമടങ്ങുന്ന കുടുംബം നാലുമാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.
മുഹമ്മദിന്റെ ഇരട്ട സഹോദരനായ മിഷൽ തിരുവനന്തപുരം എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. സൗദിയിലായിരുന്ന പിതാവ് ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തി. വീട്ടിലെത്തിച്ച മൃതദേഹം രാത്രി മാട്ടൂൽ വേദാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മറ്റു സഹോദരങ്ങൾ: മിൻഹ, മൊയ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.