മകന്റെ മരണം അറിയാതെ നാട്ടിലെത്തി ഷാജിയും ഉഷയും; ആഗ്രഹം പൂർത്തിയാകാതെ ആയുഷ് മടങ്ങി
text_fieldsആലപ്പുഴ: കുട്ടനാടൻ ഗ്രാമമായ കാവാലത്തിന് തീരാദുഃഖമായി ആയുഷ് ഷാജിയുടെ വേർപാട്. കുട്ടിക്കാലം മുതലുള്ള മോഹമാണ് എന്നേക്കുമായി പൊലിഞ്ഞത്. ഇൻഡോറിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പമായിരുന്നു സ്കൂൾ പഠനം. ഡോക്ടറാകുക എന്ന ആഗ്രഹവുമായാണ് നാട്ടിലെത്തിയത്. ഒമ്പതാം ക്ലാസുവരെ അച്ഛന് ഷാജി രവീന്ദ്രനും മാതാവ് ഉഷക്കും സഹോദരി ജിഷക്കുമൊപ്പം ഇന്‍ഡോറിലായിരുന്നു. പത്താം ക്ലാസ് മുതല്‍ മാതാവിന്റെ നാടായ പാലായിലെത്തി. പിന്നീട് എന്‍ട്രന്‍സ് പരിശീലനം.
മികച്ച റാങ്കുമായി സ്വന്തം ജില്ലയായ ആലപ്പുഴയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു. ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചതെങ്കിലും അവധി ദിവസങ്ങളില്‍ കാവാലത്തെ നെല്ലൂര്‍ കുടുംബ വീട്ടില്‍ എത്തുമായിരുന്നു. ഇവിടെ അപ്പച്ചിയും നാല് പിതൃസഹോദരന്മാരുമാണ് ചുറ്റുവട്ടത്തായി താമസിക്കുന്നത്.
ഇന്‍ഡോറില്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് ഷാജി. ഉഷ ഇന്‍ഡോര്‍ മെദാന്ത ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മകനുണ്ടായ ദുരന്തം അറിയാതെയാണ് ഇരുവരെയും തിരുവനന്തപുരത്തെത്തിച്ച് റോഡ്മാര്‍ഗം കാവാലത്തേക്ക് കൊണ്ടുവന്നത്. ഉച്ചക്ക് രണ്ടിനാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ട് മാതാപിതാക്കള്‍ എത്തിയപ്പോഴേക്കും നെല്ലൂര്‍ വീട് കണ്ണീര്‍കടലായി.
ബുധനാഴ്ച രാവിലെ പത്തിന് കാവാലത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. അടുത്ത ബന്ധുക്കളും നാട്ടുകാരും അടക്കം വലിയ ജനക്കൂട്ടം അവിടെ എത്തിയിരുന്നു. വേർപാട് ഉൾക്കൊള്ളാൻ ആർക്കുമായില്ല. വീട്ടിലേക്ക് മൃതദേഹം എത്തിയപ്പോൾ നാട് കണ്ണീർക്കടലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.