ആലപ്പുഴ കലക്ടർ ഡോ. രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു
text_fieldsആലപ്പുഴ: കലക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്‍റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വിസ് കോർപറേഷന്‍ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിലാണ് വിവാഹമെന്നാണ് വിവരം.
അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും. എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയശേഷമാണ് ഇരുവരും സിവിൽ സർവിസിലെത്തുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐ.എ.എസ് സുഹൃത്തുക്കളെ വാട്സ്ആപ്പിലൂടെയാണ് അറിയിച്ചത്.
2012ൽ രണ്ടാം റാങ്കോടെ സിവിൽ സർവിസ് പാസായ ശ്രീറാം എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയാണ്. പത്തനംതിട്ട അസിസ്റ്റന്‍റ് കലക്ടർ, ദേവികുളം സബ് കലക്ടർ, സർവേ ആൻഡ് ലാൻഡ് ഡയറക്ടർ, തിരുവല്ല ആർ.ഡി.ഒ, പൊതുഭരണ വകുപ്പ് അസിസ്റ്റന്‍റ് സെക്രട്ടറി, കോവിഡ് ഡേറ്റ മാനേജ്മെന്‍റ് നോഡൽ ഓഫിസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫാക്ട്ചെക്ക് വിഭാഗം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കുശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
ചങ്ങനാശ്ശേരി മലകുന്നം സ്വദേശിനിയായ രേണുരാജ് രാജകുമാരൻ നായർ-ലത ദമ്പതികളുടെ മകളാണ്. 2014ൽ രണ്ടാം റാങ്കോടെയാണ് ഐ.എ.എസ് പാസായത്. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്‍റ് സെക്രട്ടറി എന്നിങ്ങനെയും സേവനം അനുഷ്ഠിച്ചു.
നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ആലപ്പുഴ കലക്ടറായി നിയമിതയായത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേർപിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.