ആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കോവിഡ്
text_fieldsആലപ്പുഴ: ചെന്നിത്തലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കോവിഡ് ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിന് (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്ചയാണ് രണ്ടുപേരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടുമാസം ഗർഭിണിയായ ദേവികാദാസിൻറെ മൃതദേഹം തറയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് ആറിനായിരുന്നു. സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇവർ വാടകക്കു താമസിക്കുകയായിരുന്നു.
പെയിൻറിങ് തൊഴിലാളിയായ ജിതിൻ ജേക്കബ് ശനിയാഴ്ച പണിയും കഴിഞ്ഞ് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിക്ക് വരാതിരുന്നതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ വാതിൽ തുറന്ന നിലയിലായിരുന്നു.
നേരത്തേ ഇരുവരും ഒളിച്ചോടിയതോടെ ദേവികയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ജിതിനെതിരെ പോക്സോ നിയമപ്രകാരം കേസുമുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജറാക്കിയപ്പോൾ ജിതിനൊപ്പം പോവാൻ ദേവിക താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 18 തികയാത്തതിനെ തുടർന്ന് തുടർന്ന് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇൻക്വസ്റ്റ് നടത്തിയ മാന്നാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.