ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി
text_fieldsആലപ്പുഴ: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ ആലപ്പുഴയിൽ സി.പി.എം നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി.പി. മനോജ്, സുകേഷ്, പി. പ്രദീപ് എന്നിവരെയാണ് പുറത്താക്കിയത്. അംഗങ്ങളായ 14 പേരോട് അടിയന്തര വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
വിഭാഗീയതയെ തുടർന്നാണ് സി.പി.എം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യു.ഡി.എഫിൽ നിന്നും ഇത്തവണ ആലപ്പുഴ മുനിസിപ്പാലിറ്റി എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു. ഇരവുകാട് വാർഡിൽനിന്നും രണ്ടാംതവണ വിജയിച്ച സൗമ്യ രാജിനെ(ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്സണായി പാർട്ടി തെരഞ്ഞെടുത്തത്. എന്നാൽ, നെഹ്റുട്രോഫി വാർഡിൽനിന്ന് വിജയിച്ച പാർട്ടിയിലെ സീനിയർ നേതാവ് കെ.കെ. ജയമ്മക്ക് അധ്യക്ഷപദവി നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ കൊടികളുമായി തെരുവിലിറങ്ങിയത്. ഏരിയ കമ്മിറ്റിയിൽ ഇരുവർക്കും രണ്ടരവർഷം വീതംവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചനടത്തിയെങ്കിലും ധാരണയായിരുന്നില്ല.
ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചതായാണ് മുദ്രാവാക്യം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയത് പാർട്ടിയെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.