കെ.സി. വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ ബൈപ്പാസിന് മുമ്പിലാണ് ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ബൈപ്പാസിന്‍റെ സമീപത്ത് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകർ കുത്തിയിരിക്കാൻ ശ്രമിച്ചത് ഗതാഗത കുരുക്കിന് വഴിവെച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആസൂത്രിതമായാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്ന് എം. ലിജു പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്‍റെ സൃഷ്ടി കെ.സി. വേണുഗോപാലാണ്. മന്ത്രി ജി. സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും എം. ലിജു പറഞ്ഞു.
അതേസമയം, ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.സി. വേണുഗോപാൽ എം.പി പ്രതികരിച്ചു. ക്ഷണിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സർക്കാർ എം.പിമാരെ ഒഴിവാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈപ്പാസ് യാഥാർഥ്യമാകാൻ താൻ ഒട്ടേറെ പ്രയത്നിച്ചു. തന്‍റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ലെങ്കിലും സന്തോഷമുള്ള ദിവസമാണ്. ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്ത വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.