പ്രിയ കുട്ടികളെ, അവധി തരാം, വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ; സ്നേഹം ചാലിച്ച് ആലപ്പുഴയുടെ പുതിയ കലക്ടർ
text_fieldsമാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്ക് വഴങ്ങി ചാർജ് ഏറ്റെടുത്ത് ആറ് ദിവസങ്ങൾക്കകം ശ്രീറാമിനെ കലക്ടർ സ്ഥാനത്തുനിന്നും സർക്കാറിന് മാറ്റേണ്ടിവന്നു. പകരം വന്നത് മുമ്പ് ആലപ്പുഴ ജില്ലയിൽതന്നെ സബ് കലക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള കൃഷ്ണ തേജ ഐ.എ.എസ്.
വൻ ആഘോഷത്തോടെയാണ് കൃഷ്ണതേജയെ ജില്ല വരവേറ്റത്. അദ്ദേഹം ചാർജ്ജ് ഏറ്റയുടൻ ചെയ്തത് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കി എന്നതാണ്. ശ്രീറാമിന്റെ ഭാര്യയും ആലപ്പുഴ മുൻ കലക്ടറുമായിരുന്ന ഡോ. രേണു രാജ് വിവാഹത്തിന് ശേഷം ഫേസ്ബുക്ക് പേജിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് കമന്റ് ബോക്സ് പൂട്ടിയിരുന്നു. ശ്രീറാമും കമന്റ് ബോക്സ് ഓപൺ ആക്കിയിരുന്നില്ല.
എന്നാൽ, കൃഷ്ണതേജ അധികാരം ഏറ്റയുടൻ ഇത് സാധ്യമാക്കി. ആയിരക്കണക്കിന് ആളുകളാണ് പുതിയ കലക്ടർക്ക് ആശംസയുമായി എത്തിയത്. നേരത്തേ തേജ ജില്ലയിൽ സബ് കലക്ടർ ആയിരിക്കെയാണ് ആദ്യ പ്രളയം വരുന്നതും കുട്ടനാട് അടക്കം വെള്ളത്തിനടിയിൽ മുങ്ങുന്നതും. അന്ന് സബ് കലക്ടറുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്ധ്ര സവദേശിയായ കൃഷ്ണ തേജ നിരവധി സഹായങ്ങൾ അന്ന് സ്വന്തം സംസ്ഥാനത്തുനിന്നും ജില്ലയിൽ എത്തിച്ചിരുന്നു. ഇപ്പോൾ ചാർജ് ഏറ്റെടുത്ത് രണ്ടുദിവസം അടുപ്പിച്ച് വിദ്യാർത്ഥികൾക്ക് അവധി നൽകിയതിനെ സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പാണ് വീണ്ടും വൈറലായത്. കുട്ടികൾ വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
കലക്ടറുടെ പോസ്റ്റിന്റെ പർണ രൂപം:
പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുതമല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
സ്നേഹത്തോടെ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.