വാഹന പരിശോധനക്കിടെ അപകടമരണം: കുത്തിയതോട് എസ്.ഐക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: വാഹനപരിശോധനക്കിടെ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കുത്തിയതോട് എസ്.ഐ എസ്. സോമനെ സസ്പെൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ മുതൽ അരൂർ വരെ പട്രോളിങ് ജോലിയിലുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക് നൽകുകയും നടപടി എടുക്കാൻ നിർദേശിക്കുകയുമായിരുന്നു. അന്നേ ദിവസം ഹൈവേ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ സുരേഷ് ബാബു, ടി.എസ്. രതീഷ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും.
പാതിരപ്പള്ളി വെളിയില്‍ ബാലെൻറ മകന്‍ ബിച്ചു (24) അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി ശനിയാഴ്ച മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബുവിെൻറ ഭാര്യ സുമിയാണ് (35) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ 11ന് ഷേബുവും കുടുംബവും ബന്ധുവിെൻറ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചേര്‍ത്തല എസ്.എന്‍ കോളജിന് മുന്നില്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ ബൈക്കുകാരനെ പിടിക്കാന്‍ ജീപ്പ് കുറുകെയിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ബിച്ചു ഓടിച്ച ബൈക്ക് ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിലാണ് ഇടിച്ചത്. ചെത്തുതൊഴിലാളിയായ ഷേബു നട്ടെല്ല് തകര്‍ന്ന് ഇടതുകൈയും കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മക്കളായ ഹര്‍ഷയും ശ്രീലക്ഷ്മിയും പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.