ശമ്പളം ചോദിച്ചതിന് ഹരിപ്പാട് സ്വദേശിക്ക് മലേഷ്യയിൽ ക്രൂരമർദനം
text_fieldsആലപ്പുഴ: ശമ്പളം ചോദിച്ചതിന് മലേഷ്യയിൽ മലയാളിക്ക് പീഡനം. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ വാലേത്ത് വീട്ടിൽ ഹരിദാസനെയാണ് (45) ക്രൂരമായി മർദിക്കുകയും തീപ്പൊള്ളൽ ഏൽപിക്കുകയും ചെയ്തത്. പരാതിയുമായി ഭാര്യ രാജശ്രീ അധികൃതരെ സമീപിച്ചു. സംഭവത്തെ തുടർന്ന് രാജശ്രീയും പെൺമക്കളായ പത്താം തരത്തിൽ പഠിക്കുന്ന ഹരിലക്ഷ്മിയും യു.കെ.ജിയിൽ പഠിക്കുന്ന ശ്രീനയനയും സങ്കടക്കടലിലാണ്.
നാലു വർഷം മുമ്പാണ് ഹരിപ്പാട്ടെ സുധൻ എന്നൊരാൾ മുഖേന തമിഴ്നാട് സ്വദേശികൾ നടത്തുന്ന സലൂണിൽ ജോലി ലഭിച്ചത്. 30,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. എന്നാൽ, 12,000 രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ. ആറു മാസമായി അതും നൽകുന്നില്ല. വേതനം ചോദിച്ചപ്പോൾ മർദിക്കുകയും ശരീരമാസകലം പൊള്ളിക്കുകയും ചെയ്തെന്ന് രാജശ്രീ പറഞ്ഞു.
ഉത്തർപ്രദേശുകാരനായ മറ്റൊരാളെയും പൊള്ളലേൽപിച്ചിട്ടുണ്ട്. പൊള്ളലേറ്റ ഇരുവരുടെയും ഫോട്ടോകൾ സഹപ്രവർത്തകനായ മറ്റൊരാൾ വാട്സ്ആപ്പിലൂടെ കൈമാറുകയായിരുന്നു. ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്ന് ഹരിദാസൻ രണ്ടാഴ്ച മുമ്പ് ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് കടയുടമ ഫോൺ തട്ടിയെടുക്കുകയായിരുന്നു. തങ്കമുതലാളി എന്ന രാജയ്യ ചാത്തയ്യയാണ് കട നടത്തുന്നത്. ഇയാളും സഹായി മുനിയാണ്ടിയും ചേർന്നാണ് മർദിച്ചതെന്നും ഇപ്പോൾ ഭർത്താവിനെ പറ്റി ഒരു വിവരവുമില്ലെന്നും കാണിച്ച് രാജശ്രീ തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്ത് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.