ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടില്ല -മന്ത്രി
text_fieldsതിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി. സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2023 ഫെബ്രുവരിയിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്‌പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിങ് മെഷീന്‍, സി.സി.ടി.വി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് കംപ്ലെയിന്‍സ് റിപ്പോര്‍ട്ടും ജൂലൈ പത്തിന് പഞ്ചിങ് മെഷീന്‍ ഉള്‍പ്പെടെ കുറവുകള്‍ പരിഹരിച്ചുള്ള റിപ്പോര്‍ട്ടും എന്‍.എം.സിക്ക് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്‍കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കക്ക് അടിസ്ഥാനമില്ല. കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലും ഈ വര്‍ഷത്തെ 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എന്‍.എം.സി. അംഗീകാരം നല്‍കിയിട്ടുണ്ട്. പി.ജി. സീറ്റുകള്‍ നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.