തുടരക്രമങ്ങൾ ഉണ്ടാകരുത്; സമ്പൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം
text_fieldsആലപ്പുഴ: ജില്ലയിൽ പരിപൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തുടരക്രമങ്ങൾ ഉണ്ടാകരുതെന്നും സമ്പൂർണ സമാധാനാവസ്ഥ തുടരണമെന്നും യോഗം ആഹ്വാനം ചെയ്തു. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് കൊലപാതകങ്ങളും അതിനിഷ്ഠൂരമാണ്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഇരു കൊലപാതകത്തെയും യോഗം ഏകകണ്ഠമായി അപലപിച്ചെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
എല്ലാ രാഷ്ട്രീയപാർട്ടികളും അവരവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള കാമ്പയിനുകൾ സംഘടിപ്പിക്കണം. സംഘർഷം ഒഴിവാക്കാൻ യോജിച്ച പ്രവർത്തനം വേണം. ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ പരസ്പരം ഉന്നയിക്കാതെ ഭരണകൂടത്തെ അറിയിക്കണം. പരാതികൾ കൃത്യമായി പരിഹരിക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.