സ്വപ്നം യാഥാർഥ്യമായി; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു
text_fieldsആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു. ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണ് ബൈപ്പാസ് ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതിൽ 4.8 കി.മീ എലിവേറ്റഡ് ഹൈവേയാണ്. കടൽതീരത്തിന് മുകളിലൂടെ പോകുന്ന സംസ്ഥാനത്തെ ആദ്യ മേൽപാലവുമാണിത്.
1990ൽ കേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ തറക്കല്ലിട്ട ബൈപാസ് പല കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് താല്പര്യമെടുത്ത് പ്രതിസന്ധികൾ ഓരോന്നായി തരണം ചെയ്താണ് നിര്‍മാണം വേഗത്തിലാക്കിയത്.
അതിനിടെ, ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ ബൈപ്പാസിലേക്കാണ് നൂറോളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.
ബൈപ്പാസിന്‍റെ സമീപത്ത് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകർ കുത്തിയിരിക്കാൻ ശ്രമിച്ചത് ഗതാഗത കുരുക്കിനും വഴിവെച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആസൂത്രിതമായാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്ന് എം. ലിജു പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്‍റെ സൃഷ്ടി കെ.സി. വേണുഗോപാലാണ്. മന്ത്രി ജി. സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും എം. ലിജു പറഞ്ഞു.
അതേസമയം, ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.സി. വേണുഗോപാൽ എം.പി പ്രതികരിച്ചു. ക്ഷണിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സർക്കാർ എം.പിമാരെ ഒഴിവാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈപ്പാസ് യാഥാർഥ്യമാകാൻ താൻ ഒട്ടേറെ പ്രയത്നിച്ചു. തന്‍റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ലെങ്കിലും സന്തോഷമുള്ള ദിവസമാണ്. ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്ത വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.