സ്ത്രീകളുടെ നഗ്നചിത്രം പകർത്തി സൂക്ഷിച്ച സംഭവം: സി.പി.എം നേതാവിനെ പുറത്താക്കി
text_fieldsആലപ്പുഴ: സ്ത്രീകളുടെ നഗ്നചിത്രം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന ആരോപണത്തിൽ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഏറെ വിവാദത്തിനൊടുവിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ നേതാവുമായ എ.പി. സോണക്കെതിരെയാണ് നടപടിയെടുത്തത്.
പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. രാജമ്മ, എ. മഹേന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ, കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ട് യോഗം അംഗീകരിക്കുകയായിരുന്നു.
വിഷയം ചർച്ചചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ സോണക്കെതിരെ നടപടിയെടുക്കുന്നതിനെച്ചൊല്ലി ചേരിതിരിഞ്ഞ് നേതാക്കൾ സംസാരിച്ചു. അശ്ലീല ദൃശ്യങ്ങൾ യഥാർഥത്തിൽ ഉള്ളതാണോയെന്ന് ഒരുവിഭാഗം നേതാക്കൾ ചോദിച്ചു. തെളിവുണ്ടെന്ന് മറുവിഭാഗം വാദിച്ചു. ഓഫിസിലെ കമ്പ്യൂട്ടറിൽ ദൃശ്യങ്ങൾ കണ്ടശേഷമാണ് നടപടിയെടുത്തതെന്നും പറയപ്പെടുന്നു.
രണ്ടുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പാർട്ടി പ്രവർത്തകയടക്കം സ്ത്രീകളുടെ വിഡിയോ മൊബൈലിൽ കണ്ടെത്തിയ സംഭവത്തിൽ അന്നേ പാർട്ടിക്ക് മുന്നിൽ പരാതി എത്തിയിരുന്നു. എന്നാൽ, ജില്ല നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ മുന്നിൽ പരാതി എത്തിയപ്പോഴാണ് തിടുക്കത്തിൽ കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.