ഡോക്ടറായി ആന്ത്രോത്ത് ദ്വീപിലെത്തുമെന്ന സ്വപ്നം ബാക്കിയായി; ഇബ്രാഹിമിന് കൊച്ചിയിൽ അന്ത്യവിശ്രമം, നൊമ്പരക്കാഴ്ചയായി സനീറും മുംതാസും
text_fieldsകൊച്ചി: ഡോക്ടറായി ആന്ത്രോത്ത് ദ്വീപിലെത്തുന്ന മകനെ സ്വപ്നം കണ്ട മുഹമ്മദ് സനീറിന് അവന്റെ ചേതനയറ്റ ശരീരം പോലും ജന്മനാട്ടിലെത്തിക്കാനായില്ല. കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർഥി പി.പി.മുഹമ്മദ് ഇബ്രാഹിമിന് അന്ത്യ വിശ്രമം ഒരുങ്ങിയത് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു. ഇന്ന് വൈകിട്ട് 3.30 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു.
ലക്ഷദ്വീപിൽ നിന്ന് പിതാവ് മുഹമ്മദ് സനീറും മാതാവ് മുംതാസും മറ്റു ബന്ധുക്കളും സംസ്കാര ചടങ്ങിനെത്തിയിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്ന അറിയിച്ചതിനെ തുടർന്ന് കൊച്ചിയിൽ തന്നെ ഖബറടക്കുകയായിരുന്നു. കളർകോട് അപകടത്തിൽ മരിച്ച അഞ്ചു പേരിൽ ആദ്യം സംസ്കരിച്ചത് ഇബ്രാഹിമിെൻറ മൃതദേഹമാണ്.
ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്ത ദ്വീപുകാർ ഞെട്ടലോടെയാണ് കേട്ടത്. 98 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ ഇബ്രാഹിം നാടിനും കുടുംബത്തിനും വലിയ പ്രതീക്ഷയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടുകയും ചെയ്തു. ഏക സഹോദരൻ അഷ്ഫാഖ് മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ പൊതുദർശനം മെഡിക്കൽ കോളജിൽ
ഇന്നലെ വരെ പഠിച്ചും രസിച്ചും പ്രതീക്ഷകൾ പങ്കുവെച്ചും നടന്നിറങ്ങിയ വണ്ടാനം മെഡിക്കൽ കോളജ് മുറ്റത്ത് അവർ അഞ്ചുപേരും ചലനമറ്റ് കിടന്നു. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സഹപാഠികൾ നൊമ്പരമടക്കാനാവാതെ വിതുമ്പിക്കരഞ്ഞു. കളർകോട് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷമായിരുന്നു പൊതുദർശനം. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങോഴക്കൽ വീട്ടിൽ ഷാജിയുടെയും ഉഷയുടെയും മകൻ ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറിൽ ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ ദേവാനന്ദൻ, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകർക്കിയ വീട്ടിൽ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകൻ മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ മുട്ടം വേങ്ങര പാണ്ടിയാലയിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. എല്ലാവരും 19 വയസ്സുകാരാണ്. കളർകോടിനടുത്ത് ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവർ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേർ പരിക്കുകളോടെ ചികിത്സയിലാണ്.
സിനിമ കാണാനായി സുഹൃത്തുക്കൾ ഒന്നിച്ചുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനാപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാർഥികള്‍ അപകടത്തിൽ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ആതുരസേവന രംഗത്ത് നാടിന് മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന കുട്ടികളാണ് ചെറുപ്രായത്തില്‍ വിട്ടുപിരിഞ്ഞത്. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.