ചിത്രം തെളിയാതെ ആലപ്പുഴ
text_fieldsഎ.എം. ആരിഫിനായി ആലപ്പുഴ കലക്ടറേറ്റിന് മുന്നിലെ
ചുവരെഴുത്ത്
ആലപ്പുഴ: മത്സര ചിത്രം തെളിയാത്തതിനാൽ ആലപ്പുഴയിൽ എങ്ങോട്ട് ചായണമെന്നറിയാതെ വോട്ടർമാർ. എൽ.ഡി.എഫിലെ എ. എം ആരിഫ് പ്രചാരണത്തിൽ മുന്നേറുമ്പോഴും മറുവശത്ത് ആരാണെന്നറിയാത്തതിലാണ് വോട്ടർമാരിൽ കൺഫ്യൂഷൻ നിലനിൽക്കുന്നത്.
യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. സിറ്റിങ് എം.പി എന്ന നിലയിൽ ആദ്യം തന്നെ കളത്തിലിറങ്ങിയ ആരിഫിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇടതു പക്ഷത്തിന്റെ പ്രവർത്തകർ ഭവന സന്ദർശനംവരെ തുടങ്ങിക്കഴിഞ്ഞു.
കെ.സി വേണുഗോപാലായിരിക്കും തങ്ങളുടെ സ്ഥാനാർഥിയെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി ആരെന്നതിനെ ആശ്രയിച്ചാണ് ആലപ്പുഴയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. നിലവിലെ എം.പി.മാര്‍ മത്സരിക്കട്ടെയെന്ന പൊതുനിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ സിറ്റിങ് എം.പിമാരെ മാറ്റേണ്ടിവരുമെന്ന സര്‍വേ റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്.
ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന് താൽപര്യമുണ്ടെങ്കില് അദ്ദേഹം മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നിലവില്‍ കോണ്‍ഗ്രസിന് മുസ്ലിം, വനിതാ വിഭാഗങ്ങളില്‍നിന്ന് സ്ഥാനാർഥികളില്ല. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ മുസ്ലിം വിഭാഗത്തില്‍നിന്നാകും സ്ഥാനാര്‍ഥി. ഷാനിമോൾ ഉസ്മാന്റെ പേരാണ് പരിഗണനയിലുള്ളതായി പറയുന്നത്. മുസ്ലിം, വനിത എന്നീ പരിഗണനകളാണ് ഷാനിമോൾക്കുള്ളത്.
ഒരുപക്ഷേ വയനാട്ടിലേക്ക് കെ.സി മാറാനുള്ള സാധ്യതയും പറയപ്പെടുന്നു. രാഹുല്‍ മത്സരിച്ചാല്‍ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്ലിം സ്ഥാനാര്‍ഥി വരണം. ആലപ്പുഴയില്‍ ഈ പരീക്ഷണം കഴിഞ്ഞ തവണ പരാജയപ്പെട്ടതിനാല്‍ കണ്ണൂരിലാകും സാധ്യത.
സംഘടനാ ചുമതലയുള്ളതിനാൽ വേണുഗോപാല്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനാണ് മുന്‍തൂക്കം. അല്ലെങ്കില്‍ അനില്‍ ബോസിനും സാധ്യതയുണ്ട്. കെ.സിയുടെ പിന്തുണ അനിൽബോസിനാണ്. മുസ്ലിം സ്ഥാനാർഥിയെയാണ് ഇവിടെ നിർത്താൻ താൽപര്യപ്പെടുന്നതെങ്കിൽ എ.എ ഷുക്കൂറിനാകും പരിഗണന.
എൻ.ഡി.എ ക്യാമ്പുകളിൽ നിന്ന് സ്ഥാനാർഥി സൂചന പുറത്തുവന്നിട്ടില്ല. ബി.ജെ.പി വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ആലപ്പുഴയെ പെടുത്തിയിട്ടില്ല. ഡോ. കെ.എസ് രാധാകൃഷ്ണന്റെ പേരാണ് പറഞ്ഞ് കേൾക്കുന്നത്. സന്ദീപ് വാചസ്പദിക്കും സാധ്യത കൽപിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.