സമ്മർദങ്ങൾക്ക് വഴങ്ങി എന്തിന് ഇളവ് നൽകി?; സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ സംസ്ഥാന സർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സമ്മർദങ്ങളെ തുടർന്ന് ഇളവുകൾ അനുവദിച്ച സർക്കാർ നടപടി പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.
സമ്മർദങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന അപകടകരമായ അവസ്ഥയാണ് കേരളത്തിലെന്ന് കോടതി നിരീക്ഷിച്ചു. മതപരമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സമ്മർദങ്ങൾക്ക് പൗരന്‍റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാനാവില്ല. കൻവാർ യാത്രയുടെ കാര്യത്തിൽ ചൂണ്ടിക്കാട്ടിയവയൊക്കെയും കേരളത്തിനും ബാധകമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടിയ ഡി കാറ്റഗറിയിൽ ഒരു ദിവസം മുഴുവൻ ഇളവുകൾ നൽകിയെന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണ്. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് റോഹിന്‍റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. കേരളത്തിലെ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിന് ഹരജിക്കാരനോട് കോടതി നന്ദിയറിയിക്കുകയും ചെയ്തു.
വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ബക്രീദിനോടനുബന്ധിച്ച് ജൂലൈ 18 മുതൽ 20 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നൽകിയ ഇളവുകൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.