ആലത്തൂർ തോൽവി; സ്ഥാനാർഥിയുടെയും നേതാക്കളുടെയും വീഴ്ച
text_fieldsതിരുവനന്തപുരം: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തിൽ സ്ഥാനാർഥി രമ്യ ഹരിദാസിനും പാർട്ടി നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്. പരാജയം അന്വേഷിച്ച കെ.സി. ജോസഫ്, ടി. സിദ്ദീഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതി റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് സമർപ്പിച്ചു. വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.
ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. രമ്യ ഹരിദാസിനെ ചേലക്കരയിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്. 2019ൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്ക് കോൺഗ്രസ് ജയിച്ച ആലത്തൂർ മണ്ഡലത്തിൽ ഇത്തവണ സി.പി.എമ്മിലെ കെ. രാധാകൃഷ്ണനോട് 20,111 വോട്ടിനാണ് രമ്യ ഹരിദാസ് പരാജയപ്പെട്ടത്. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ആലത്തൂരിലും ജയസാധ്യതയുണ്ടായിരുന്നെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്.
എന്നിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടത് അന്വേഷിക്കണമെന്ന് നേതൃയോഗത്തിൽ അഭിപ്രായമുയർന്നു. പാലക്കാട് നേതൃത്വത്തിനും സ്ഥാനാർഥി രമ്യ ഹരിദാസിനും നേരെ പരാതികളും ഉയർന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ നേതാക്കളെ കണ്ട് മൊഴി രേഖപ്പെടുത്തിയ അന്വേഷണ സമിതി സ്ഥാനാർഥി രമ്യ ഹരിദാസിൽനിന്നും തെളിവെടുപ്പ് നടത്തി. നേതൃത്വവും സ്ഥാനാർഥിയും തമ്മിലെ ഏകോപനത്തിൽ വീഴ്ചയുണ്ടായെന്നാണ് കമ്മിറ്റി പ്രധാനമായും കണ്ടെത്തിയത്. ഇക്കാര്യത്തിൽ രണ്ടുഭാഗത്തും വീഴ്ച സംഭവിച്ചു.
നടപടിയുടെ കാര്യത്തിൽ സമിതി നിർദേശങ്ങളൊന്നും വെച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രശ്നം കൂടുതൽ സങ്കീർണമാകാതിരിക്കാൻ കെ.പി.സി.സി നേതൃത്വത്തിന്റെ കൂടി താൽപര്യത്തോടെയാണ് ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയതെന്നാണ് സൂചന. ആലത്തൂർ പരാജയം പാർട്ടി പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ തുടർനടപടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.