ആലത്തൂർ തോൽവിക്ക് കാരണം കോൺഗ്രസ് ഗ്രൂപ്പുപോരിനെ തുടർന്നുള്ള നിഷ്ക്രിയത
text_fieldsപാലക്കാട്: രമ്യ ഹരിദാസിന്റെ തോൽവിക്കിടയാക്കിയത് വ്യക്തമായ ഗ്രൂപ്പുപോരിനെ തുടർന്ന് ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തനങ്ങളിലുണ്ടായ അലംഭാവം. പരാജയത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളിലാണ് യു.ഡി.എഫിന് വൻ ഭൂരിപക്ഷം നൽകാറുള്ള ചിറ്റൂർ, നെന്മാറ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ നിഷ്ക്രിയമായിരുന്നെന്ന തുറന്നുപറച്ചിലുകളുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം ഭൂരിപക്ഷം രമ്യ ഹരിദാസിന് നൽകിയിരുന്ന ചിറ്റൂർ മണ്ഡലത്തിൽ ഇത്തവണ 1472 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ നെന്മാറയിലാകട്ടെ 587 വോട്ടിന്റെ ഭൂരിപക്ഷവും.
കെ.സി. വേണുഗോപാൽ പക്ഷക്കാരനായ ഡി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തല വിഭാഗം പിന്തുണയുള്ള സ്ഥാനാർഥിയും ഒപ്പമുള്ള ചിറ്റൂർ മേഖലയിലെ നേതാക്കളും തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ തെരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയിരുന്നു. മണ്ഡലം ഭാരവാഹിത്വ പുനഃക്രമീകരണം പോര് രൂക്ഷമാക്കുകയും ചെയ്തു. മണ്ഡലംതല-ബ്ലോക്ക്തല ബൂത്ത് കമ്മിറ്റി ഓഫിസുകൾപോലും ഗ്രൂപ്പുപോര് കാരണം തുറന്നിരുന്നില്ല. പലയിടത്തും കൺവെൻഷനുകൾ വിളിച്ചുകൂട്ടിയില്ല. ബൂത്ത്തല ഗൃഹസന്ദർശനങ്ങളും നടന്നില്ല.
അച്ചടക്കലംഘനം നടത്തിയവരോട് മൃദുസമീപനം, തെരഞ്ഞെടുപ്പ് പ്രവർത്തനം ഒരു വിഭാഗം മാത്രം ഏറ്റെടുത്തത്, യോഗങ്ങളിൽ ഒരു വിഭാഗത്തെ ഒഴിവാക്കൽ തുടങ്ങി സംഘടനാസംവിധാനത്തെ നോക്കുകുത്തിയാക്കിയ പ്രവർത്തനമാണ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായ ഡി.സി.സി പ്രസിഡന്റിൽനിന്നുണ്ടായതെന്ന് ചിറ്റൂർ മണ്ഡലം കമ്മിറ്റി നേതാക്കൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷവും വിഷയം കെ.പി.സി.സി ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.