മദ്യമൊഴുകും; വില കുത്തനെ കൂടും
text_fieldsതിരുവനന്തപുരം: മദ്യനയത്തിലെ പുതിയ നിർദേശങ്ങളും ഫീസ് വർധനയും മദ്യവില ഉയർത്തുന്നതും മദ്യം വ്യാപകമാക്കുന്നതും. ആവശ്യമായ മദ്യം സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നില്ലെന്നും ആ സാഹചര്യത്തിൽ കേരളത്തിൽ തന്നെ കൂടുതൽ മദ്യോൽപാദന യൂനിറ്റുകൾ ആരംഭിക്കുമെന്നുമാണ് നയത്തിൽ പറയുന്നത്. അടച്ച മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി തുറക്കുന്നത് തിരക്കൊഴിവാക്കാനാണെന്ന് അവകാശപ്പെടുമ്പോഴും ഫലത്തിൽ മദ്യശാലകളുടെ എണ്ണം കൂടും. ഐ.ടി, ടൂറിസം മേഖലകൾക്കായി പ്രത്യേക അനുമതിയോടെ തുറക്കുന്ന മദ്യശാലകൾ പുറമെ.
നിലവിൽ ബാർ ലൈസൻസിന് നിരവധി ത്രീസ്റ്റാറും അതിന് മുകളിലുമുള്ള ഹോട്ടലുകൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ത്രീസ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് യഥേഷ്ടം അനുവദിക്കുമെന്നാണ് നയം. പുറമെ ബ്രൂവറികളും ധാരാളമായി ആരംഭിക്കും. അതിന് പുറമെയാണ് കാർഷികോൽപന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള തീരുമാനം. കാർഷികമേഖലക്ക് പ്രത്യേക ഉണർവ് നൽകുമെന്നാണ് സർക്കാർ അവകാശവാദമെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പാക്കി പരാജയപ്പെട്ടതാണിതത്രെ. ലാഭമുണ്ടാക്കാൻ കഴിയാതെ ഇത്തരം ഉൽപന്നങ്ങളുടെ വീര്യം വർധിപ്പിച്ച സാഹചര്യം പലയിടങ്ങളിലുമുണ്ടായിട്ടുണ്ട്.
ഫീസുകൾ വർധിപ്പിച്ചതും അടുത്തവർഷം മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കാനാകില്ലെന്ന നിർദേശവും വില വർധിപ്പിക്കുമെന്നും ഉറപ്പ്. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം വിൽക്കുന്ന വിലകുറഞ്ഞ മദ്യത്തിൽ 80 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണ്. അത് ചില്ല്കുപ്പികളിലേക്ക് മാറുമ്പോൾ െചലവ് കൂടുമെന്ന ന്യായം കമ്പനികൾക്ക് ഉന്നയിക്കാനാവും. മിലിറ്ററി കാന്‍റീനിലും സെൻട്രൽ പൊലീസ് കാന്‍റീനിലും മദ്യം നൽകുന്നതിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് നാലുരൂപ വർധിപ്പിച്ചതും മദ്യക്കമ്പനികൾ നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.