മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്; ജാഗ്രത നിർദേശം
text_fieldsതൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 142 അടിയിലെത്തിയാൽ അണക്കെട്ടിെൻറ ഷട്ടറുകൾ തുറക്കേണ്ടതിനാൽ അടിയന്തര മുൻകരുതൽ നടപടി സ്വീകരിക്കാനാണ് നിർദേശം.
ഞായറാഴ്ച വൈകീട്ട് ആറോടെ അണക്കെട്ടിൽ ജലനിരപ്പ് 135.80 അടിയിലെത്തി. ശക്തമായ മഴക്ക് സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പും 141ൽ എത്തിയാൽ രണ്ടാംഘട്ട മുന്നറിയിപ്പും പുറപ്പെടുവിക്കും.
പരമാവധി ജലനിരപ്പായ 142 അടിയിൽ എത്തിയാൽ മൂന്നാംഘട്ട മുന്നറിയിപ്പോടെ സ്പിൽവേയുടെ ഷട്ടറുകൾ ആവശ്യമായ അളവിൽ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
അങ്ങനെ വന്നാൽ പെരിയാറിെൻറ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
ജലനിരപ്പ് 136 അടിയിൽ എത്തിയാൽ ബന്ധപ്പെട്ട എല്ലാ വില്ലേജ് ഒാഫിസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 2368.90 അടിയാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2333.76 അടിയായിരുന്നു. സംഭരണശേഷിയുടെ 62.93 ശതമാനം ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.