ആലി മുസ്‌ലിയാർ തൂക്കിലേറ്റപ്പെടുംമുമ്പ് മരിച്ചിരുന്നെന്ന് സ്ഥിരീകരണം
text_fieldsകോഴിക്കോട്: മലബാർ സമര നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആലി മുസ്‌ലിയാർ ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെടുംമുമ്പ് മരിച്ചിരുന്നെന്ന് സ്ഥിരീകരണം. ആലി മുസ്‌ലിയാർ കോയമ്പത്തൂർ ജയിലിൽ കഴിയുമ്പോൾ അവിടെ ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പനാണ് ഇക്കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിനോട് വെളിപ്പെടുത്തിയത്. എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താൽ പന്തല്ലൂർ ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതറിയിച്ചത്. ഇക്കാര്യം നേരത്തെ 'മാധ്യമം' വെളിപ്പെടുത്തിയിരുന്നു.
ആലി മുസ്‌ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ സഹതടവുകാർക്കൊപ്പം സുബ്ഹി ജമാഅത്തായി നമസ്കരിക്കാനുള്ള താൽപര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും മുസ്‌ലിയാരോടുള്ള ആദരവുകൊണ്ട് അതിന് സമ്മതിച്ചെന്നും നമസ്‌കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്‌ലിയാർ മരിച്ചെന്നും കണ്ണപ്പൻ പറയുന്നു. മരിച്ച വിവരം പുറത്തറിയിക്കരുതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിരുന്നു. മരിച്ച ആലി മുസ്‌ലിയാരെ 'തൂക്കിലേറ്റി' അവർ പിന്നീട് ശിക്ഷ നടപ്പാക്കിയെന്ന് കണ്ണപ്പൻ വെളിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.
സത്താൽ പന്തല്ലൂരിന്റെ കുറിപ്പിന്റെ പൂർണരൂപം:
''സ്വാതന്ത്ര്യ സമര നായകൻ ആലി മുസ്‍ലിയാരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിന് മുമ്പേ മരണപ്പെട്ടിരുവെന്നും പലരും പറയാറുണ്ട്. ഇതിനെ കുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്. ആലി മുസ്‍ലിയാർ ജയിലിൽ കിടക്കുമ്പോൾ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ജോലിയിൽ നിന്നും വിരമിച്ച് വർഷങ്ങൾ പിന്നിട്ട സമയത്താണ് കോയമ്പത്തൂരിൽ വെച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു: ആലി മുസ് ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ തന്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നമസ്കരിക്കാനുള്ള താൽപര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ആലി മുസ് ലിയാരോടുള്ള ആദരവ് കൊണ്ട് അവർ അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നിസ്കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്‍ലിയാർ മരണപ്പെട്ടു. പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കർശന നിർദേശം നൽകി. മരണപ്പെട്ട ആലി മുസ് ലിയാരെ അവർ 'തൂക്കിലേറ്റി' ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നായിരുന്നു ജയിലിൽ വന്നതുമുതൽ ആലി മുസ് ലിയാരുടെ പ്രാർഥനയെന്ന് സഹതടവുകാർ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നു''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.