ആലീസിന്റെ ഇന്നച്ചൻ
text_fields‘‘തളർന്ന് പാതിബോധത്തിൽ കിടക്കുമ്പോഴും ഞാൻ ആലീസിനായി തമാശകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. കാരണം ആലീസ് കരയുന്നത് എനിക്കിഷ്ടമല്ല’’ ‘‘എന്റെ അസുഖത്തിനുശേഷം ആലീസ് പഴയ ആലീസായിരുന്നില്ല. പലപ്പോഴും എന്നെക്കാൾ തമാശ പറയുകയും എന്നെ നന്നായി കളിയാക്കുകയും ചെയ്തിരുന്ന ആലീസ് ഇല്ലാതായി. മിക്ക സമയവും അവൾ എന്തോ ആലോചനയിലായിരിക്കും. അല്ലെങ്കിൽ പ്രാർഥനയിൽ, അതുമല്ലെങ്കിൽ തനിയേ കരയും. ഇതു മൂന്നും സഹിക്കാൻ സാധിക്കാത്തതു കൊണ്ട് ഞാൻ എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞ് അവളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കും. തീരെ വയ്യാതെ തളർന്ന് പാതിബോധത്തിൽ കിടക്കുമ്പോഴും ഞാൻ ആലീസിനായി തമാശകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. കാരണം ആലീസ് കരയുന്നത് എനിക്കിഷ്ടമല്ല’’
‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിൽ ഇന്നസെന്റ് എഴുതിയതാണിത്. ഇതിലപ്പുറം ആ ബന്ധത്തെ പറ്റി എന്തു പറയാനാണ്. എഴുത്തായാലും അഭിമുഖമായാലും ഇന്നസെന്റ് ആലീസിനെ കുറിച്ച് വാതോരാതെ പറയാറുണ്ട്. അറിയപ്പെടുന്ന സിനിമ താരമാകുന്നതിന് മുമ്പ് കൂടെ കൂടിയതാണ് ആലീസ്. കഷ്ടപ്പാടുകളിൽ കട്ടക്ക് കൂടെനിന്നു. ഇരുവർക്കും പൊതുവായുള്ള സവിശേഷത അപാരമായ നർമബോധമായിരുന്നു. അർബുദത്തിന്റെ വേദനയിലും അവർ അത് കൈവിട്ടില്ല. ആദ്യഘട്ടത്തിൽ ഇന്നസെന്റിന്റെ കാൻസർ ഒരുവിധം ഭേദമായ ഘട്ടം.
നാവിന് തൊലിവന്ന് രുചിയറിയാൻ തുടങ്ങി, മുടി കിളിർത്തു, പ്രോഗ്രാമുകൾക്കു വരെ പോകാമെന്ന സ്ഥിതിയായി. അപ്പോൾ ഇന്നസെന്റ് ഭാര്യയോട് പറഞ്ഞു: ‘ആലീസേ, നീ മാമോഗ്രാം പരിശോധന നടത്തിയേക്ക്. അർബുദമുണ്ടെങ്കിൽ നേരത്തേ അറിയാലോ. എനിക്ക് പറ്റിയതുപോലെ പറ്റണ്ട’. ആലീസിന്റെ നർമം ചാലിച്ച മറുപടി ഇങ്ങനെയായിരുന്നു: ‘ഇനിയിപ്പൊ പരിശോധന നടത്തി അർബുദം ഇല്ലെന്നു തെളിഞ്ഞാൽ ആ കാശ് പോകില്ലേ ഇന്നച്ചാ...’ കളി വേറെ കാര്യം വേറെ.
പരിശോധിച്ചപ്പോൾ ആലീസിന് ബ്രെസ്റ്റ് കാൻസറുണ്ടായിരുന്നു. തകർന്ന മനസ്സുമായി കാറിൽ വീട്ടിലേക്ക് വരുമ്പോൾ ഇനിയും എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നത് എന്നറിയാതെ മരിച്ച കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരുന്നു ഇന്നസെന്റ്.വാഹനം മെല്ലെയാകുമ്പോൾ ആളുകൾ കൈചൂണ്ടി ചിരിക്കുന്നു ‘ഇന്നസെന്റ്, ഇന്നസെന്റ്...’ അവരെ നോക്കി കരയുന്നതുപോലെ ചിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ശസ്ത്രക്രിയയിലൂടെ ആലീസ് കാൻസറിനെ കീഴടക്കി. മടങ്ങിപ്പോയെന്ന് കരുതിയ വില്ലൻ തിരിച്ചുവന്നപ്പോൾ ഇന്നസെന്റിന് ഇത്തവണ കീഴടങ്ങേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.