അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി: അന്വേഷണം നടത്തണമെന്ന് എ.കെ.എസ്. നേതാവ്
text_fieldsകണ്ണൂർ: അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ മുഖാമുഖത്തിൽ ഉയർന്നു. അട്ടപ്പാടിയിൽ നിന്ന് എത്തിയ ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) നേതാവാണ് വിഷയം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറിയും എ.കെ.എസ് പാലക്കാട് സെക്രട്ടറിയുമായി എം. രാജനാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി സംബന്ധിച്ച് പ്രത്യേക സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
അട്ടപ്പാടിയിലെ വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി രാജൻ 'മാധ്യമം ഓൺലൈനോട്' പറഞ്ഞു. ആദിവാസികളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കണമെന്നും കൂട്ടുകുടുംബങ്ങളുടെ ഭൂമി വീതിച്ച് നൽകണമെന്നും രാജൻ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസികൾക്ക് എത്രയും വേഗം ഭൂമിക്ക് രേഖ നൽകുന്നതിനുള്ള പ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രാദേശിക തലത്തിൽ അന്വേഷണം നടത്തിയാലെ അട്ടപ്പാടിയിലെ വർത്തമാന കൈയേറ്റം തിരിച്ചറിയാൻ കഴിയുവെന്നും രാജൻ പറഞ്ഞു. മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി ആദിവാസി മേഖലകളിൽ ചാരിറ്റബിൾ സൊസൈറ്റികളുടെ പേരിൽ ഭൂമി കൈയേറ്റം നടന്നതായി മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലും ആദിവാസികൾ പരാതി നൽകിയിരുന്നു.
ഇടുക്കിയിൽ നിന്നെത്തിയ കവി അശോകൻ മറയൂർ പുനരധിവാസ മേഖലകളിൽ ആദിവാസികൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി. മറയൂർ, ചിന്നക്കനാൽ മേഖലകളിൽ ആദിവാസികൾക്ക് ഭൂമി നൽകി. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനരധിവാസം സാധ്യമായിട്ടില്ല. ആദിവാസികൾ ഇപ്പോഴും പെരുവഴിയലാണ്.
പട്ടയം ലഭിച്ച പല ആദിവാസിക കുടുംബങ്ങളും പുനരധിവാസ ഭൂമിയിലേക്ക് വരാൻ തയാറാകുന്നില്ല. ജീവിക്കാൻ അടിസ്ഥാന സൗകര്യം പുനരധിവാസ മേഖലയിൽ ഒരുക്കണം. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകണമെന്ന് അശോകൻ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുമെന്നും പരാഹിരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.