നോമ്പുകാലം നീക്കിവെപ്പുകൾക്കു കൂടിയുള്ളത്
text_fieldsഇത്തവണ വീട്ടിലിരിപ്പുകാലത്താണ് വിശ്വാസിക്ക് വ്രതനാളുകൾ. എന്നുവെച്ച് നിരാശപ്പെട്ട് നിഷ്ക്രിയരായിരിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. എല്ലാം അനുഗ്രഹമാക്കിത്തീർക്കുന്ന വിശ്വാസിയുടെ പ്രകൃതം ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന ഈ ലോക്ഡൗൺ കാലത്തും അവനെ കൂടുതൽ കർമോത്സുകനാക്കുമെന്നു തീർച്ച.
ഇനിയുള്ള ദിനരാത്രങ്ങൾ അപരരെ അളക്കാതെ അന്തഃരംഗങ്ങളിൽ ആത്മവിചാരമുയർത്തേണ്ട സന്ദർഭമാണ് ഓരോ വിശ്വാസിക്കും. ആയുസ്സിെൻറ പുസ്തകത്തിൽ അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയ അക്ഷരത്തെറ്റുകൾ വെട്ടിത്തിരുത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ടാവണം. പ്രഭാതം മുതൽ പ്രദോഷംവരെ ഭോഗ-ഭോജനാദികളിൽനിന്ന് വിട്ടുനിൽക്കുന്നതിനപ്പുറം കണ്ണും കാതും നിയന്ത്രിക്കാനും കോപം ഒതുക്കാനും അഹന്ത അമർത്തിപ്പിടിക്കാനുമുള്ള പരിശീലനം നേടിയെടുക്കാൻ പറ്റണം. സഹജീവിയെ വേദനിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ സിദ്ധിയായി മാറ്റാൻ കഴിയണം. അന്യെൻറ വേദനയും യാതനയും ആവാഹിക്കാനും ഏറ്റെടുക്കാനും പറ്റുന്നവിധത്തിൽ ഹൃദയം വിശാലമായിത്തീരണം. എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിെൻറ പ്രീതിക്കുവേണ്ടി അപരനുകൂടി അവകാശപ്പെട്ടതാണെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്താൻ പറ്റണം. റമദാനിലെ രാപ്പകലുകളിൽ റഹ്മത്തിെൻറയും മഗ്ഫിറത്തിെൻറയും പത്തുകൾക്കുശേഷം മാത്രം നരകത്തെപ്പറ്റിയുള്ള പേടിയും സ്വർഗത്തോടുള്ള പൂതിയും പ്രാർഥനകളിൽ നിറയുന്നതിെൻറ പൊരുൾ നോക്കിക്കാണേണ്ടത് അങ്ങനൊരു തലത്തിൽനിന്നുകൂടിയാണ്.
അച്ചടക്കമാണ് നോമ്പ് മനുഷ്യനിൽ ഉണ്ടാക്കിയെടുക്കുന്ന ഏറ്റവും വലിയ ഗുണം. പൊതുവെ അച്ചടക്കം ശീലമുള്ള വിശ്വാസിക്ക് നോമ്പിലൂടെ കൈവരുന്ന നിയന്ത്രണങ്ങൾ അവെൻറ ജീവിതക്രമങ്ങൾക്ക് ത്യാഗത്തിെൻറ ഒരു തലംകൂടി സമ്മാനിക്കുന്നു. പ്രാപ്യമായതുപോലും പരിത്യജിക്കാൻ സന്നദ്ധമാകുന്ന ആ സ്വഭാവഗുണത്തിൽ ആത്മാർഥതയുടെ ചുവയും ചൈതന്യവും കലരുമ്പോഴാണ് അത് ‘തഖ്വ’യായി മാറുന്നത്. ഈടുനിൽക്കുന്ന തഖ്വക്കേ ആത്മാർഥതയുണ്ടെന്ന് അവകാശപ്പെടാൻ പറ്റൂ. അതുതന്നെയാണ് അല്ലാഹുവിെൻറ ഉദ്ദേശ്യവും; ‘നിങ്ങൾ തഖ്വയുള്ളവരായിത്തീരാൻവേണ്ടി പൂർവികർക്കെന്നപോലെ നോമ്പ് നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു’ വെന്ന് ഖുർആൻ (അൽബഖറ:183).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.