രാജന്റെ ചിതക്ക് അലിമോൻ തീ കൊളുത്തി; എങ്ങനെ എരിഞ്ഞു തീരും ഈ സ്നേഹത്തിന്റെ ചിത?
text_fieldsചങ്ങരംകുളം: മതമോ ജാതിയോ നോക്കാതെ കൂടെപ്പിറപ്പിനെ പോലെ കണ്ട രാജന് ഇടറുന്ന മനസ്സോടെ അലി മോനും മുഹമ്മദ് റിഷാനും വിട നൽകി. പതിറ്റാണ്ടുകാലം ഇവർക്കൊപ്പമുണ്ടായിരുന്ന രാജൻ(62) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നരണിപ്പുഴ ഗ്രാമത്തിൽ മതത്തിന്റെ മതിൽ പൊളിച്ച് സ്നേഹത്തിന്റെ തിരികൊളുത്തിയപ്പോൾ നാടു മുഴുവൻ കൂടെ നിന്നു.
വർഷങ്ങൾക്ക് മുമ്പ് അലി മോന്റെ പിതാവും നന്നംമുക്ക് പഞ്ചായത്ത് അംഗം കൂടിയായിരുന്ന മുഹമ്മദിന്റെ അടുത്ത് ഒരു നേരത്തെ അന്നം ചോദിച്ചെത്തിയതായിരുന്നു രാജൻ. അന്ന് ഒരു നേരത്തേ ഭക്ഷണം നൽകുക മാത്രമല്ല, കൂടപ്പിറപ്പായി ഒപ്പംകൂട്ടുകയായിരുന്നു ഈ കുടുംബം. കുടുംബത്തിലെ അംഗമായി വളർത്തിയ മുഹമ്മദ് മരിച്ചതോടെ മകൻ അലിമോൻ രാജന് തുണയായി. മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട രാജന് ഏക അമ്മാവനും മരിച്ചതോടെ ജന്മനാടായ നെന്മാറയും അന്യമായി.
തിങ്കളാഴ്ച നെഞ്ചുവേദനയെ തുടർന്ന് ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിക്കുകയും രാജൻ മരണപ്പെടുകയുമായിരുന്നു. തന്റെ കൂടപിറപ്പിന് അദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യ കർമ്മങ്ങൾക്കായി വീടിന് മുന്നിൽ വെളള വിരിച്ചു കിടത്തിയപ്പോൾ അലി മോൻ വിതുമ്പി. നാട്ടുകാരായ എ. സുരേന്ദ്രൻ, എം.എസ്. കുഞ്ഞുണ്ണിയുടെ നേത്യത്വത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. നിറകണ്ണുകളോടെയാണ് അലിമോൻ വീടിന് മുന്നിലെ കർമങ്ങൾ കണ്ടു നിന്നത്.
ഒടുവിൽ അലി മോനും സഹോദരി പുത്രനായ മുഹമ്മദ് റിഷാനും രാജനെ അന്ത്യചുംബനം നൽകി യാത്രയാക്കി. പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ ഇവർ ചിതക്ക് തീ കൊളുത്തി. ചിത എരിഞ്ഞടങ്ങുമ്പോൾ അലി മേനോടൊപ്പം ആ ഗ്രാമം മുഴുവൻ വിതുമ്പുകയായിരുന്നു. പെരുമ്പടപ്പ് ബ്ലോക്ക് മുൻ പഞ്ചായത്ത് അംഗം കൂടിയാണ് അലി മോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.