ആളിയാര്‍-ശിരുവാണി ജല പ്രശ്നം: തമിഴ്നാടുമായി ചീഫ് സെക്രട്ടറിതല ചര്‍ച്ചക്ക് തീരുമാനം
text_fieldsപാലക്കാട്: ചീഫ് സെക്രട്ടറിതല കൂടിക്കാഴ്ചയിലൂടെ ആളിയാര്‍, ശിരുവാണി ജല പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രശ്നത്തിന്‍െറ അടിയന്തര സ്വഭാവം പരിഗണിച്ച് വ്യാഴാഴ്ച തന്നെ തമിഴ്നാട് ചീഫ്സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ശിരുവാണി അണക്കെട്ടില്‍നിന്നും തമിഴ്നാടിന് കുടിവെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിരഭിപ്രായമില്ല. എന്നാല്‍, ശിരുവാണി അണക്കെട്ടിലെ ഡെഡ് സ്റ്റോറേജ് ജലം പമ്പ് ചെയ്തെടുക്കാന്‍ അനുവദിച്ചാല്‍ ആളിയാറില്‍നിന്നും ജലം നല്‍കാമെന്ന തമിഴ്നാട് നിലപാട് ഉചിതമായില്ല. പി.എ.പി കരാര്‍ പ്രകാരം കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്നാടിന് ബാധ്യതയുള്ളതിനാല്‍ ഉപാധികളില്ലാതെ ഇത് പാലിക്കണം. കോയമ്പത്തൂരിന്‍െറ കുടിവെള്ളാവശ്യത്തിന് ശിരുവാണിയില്‍നിന്നും വെള്ളം നല്‍കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിതലത്തില്‍ വൈകാതെ കൂടിക്കാഴ്ച നടത്തുകയും വെള്ളം വിട്ടുതരുന്നത് സംബന്ധിച്ച് രേഖാമൂലം ധാരണ രൂപപ്പെടുത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിറ്റൂര്‍ പുഴയിലേക്ക് ആളിയാറില്‍നിന്നും ഫ്രെബ്രുവരി മുതല്‍ ഏപ്രില്‍വരെയുള്ള മാസങ്ങളില്‍ തുറന്നുവിടുന്ന ജലത്തിന്‍െറ അളവ് സംബന്ധിച്ച് തമിഴ്നാടിന്‍െറ ഭാഗത്തുനിന്നും ഉറപ്പ് വാങ്ങണം. ആളിയാറില്‍നിന്നും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെ സെക്കന്‍റില്‍ 200 ഘനമീറ്റര്‍ എന്ന തോതില്‍ വെള്ളം നല്‍കാമെന്ന് തമിഴ്നാട് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ശിരുവാണി സംബന്ധിച്ച് കേരളത്തിന്‍െറ ഭാഗത്തുനിന്നും ഉറപ്പ് കിട്ടാത്തതിനാല്‍ വെള്ളം തുറന്നുവിടാന്‍ തയ്യാറായിട്ടില്ല. തമിഴ്നാടിന്‍െറ വിലപേശല്‍ രീതിയോടുള്ള എതിര്‍പ്പ് യോഗത്തില്‍ ഉയര്‍ന്നു. ഇത്തരമൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ളെന്നും കരാര്‍ പ്രകാരം നല്‍കേണ്ടതും ശിരുവാണി പ്രശ്നവും രണ്ടായി കണക്കാക്കണമെന്നും തമിഴ്നാടിനെ ധരിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
കേരള ഷോളയാര്‍ അണക്കെട്ട് തമിഴ്നാട് നിറക്കാതിരുന്നതും തുടര്‍ച്ചയായ കരാര്‍ ലംഘനവും യോഗത്തില്‍ ചര്‍ച്ചയായി. അപ്പര്‍ ഷോളയാറില്‍നിന്നും പറമ്പിക്കുളം ഡാമിലേക്ക് തമിഴ്നാട് വെള്ളം തിരിച്ചുവിട്ടതായും ജലവിഭവ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് അവകാശപ്പെട്ട വെള്ളമാണ് പറമ്പിക്കുളത്തുനിന്നും കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തിയിലേക്ക് തിരിച്ചുവിട്ടതെന്നും ജലസേചന ആവശ്യങ്ങള്‍ക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവരും വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.