ആളിയാർ ജലപ്രശ്നം; 24 മുതൽ കരാർ പ്രകാരമുള്ള വെള്ളം ലഭിക്കും
text_fieldsപാലക്കാട്: ആളിയാറിൽനിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം വിട്ടുനൽകാൻ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയിൽ ധാരണ. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. 24ന് ആളിയാറിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തും.
അന്ന് മുതൽ കരാർ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട വെള്ളം കിട്ടിത്തുടങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജലസേചന മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ജലപ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ 23ന് ചിറ്റൂർ താലൂക്കിൽ ഹർത്താൽ നടത്താൻ തിങ്കളാഴ്ച ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് െവള്ളം വിട്ടുനൽകാൻ വഴങ്ങിയിരിക്കുന്നത്. കരാർ പ്രകാരമുള്ള വെള്ളം ഉടൻ ലഭിച്ചില്ലെങ്കിൽ ചിറ്റൂർ മേഖലയിലെ രണ്ടാംവിള കൃഷി പൂർണമായി നശിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. തമിഴ്നാട് ആളിയാർ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ ശിരുവാണിയിൽനിന്ന് കോയമ്പത്തൂരിലേക്ക് കുടിവെള്ളത്തിനടക്കം വെള്ളം വിട്ടുകൊടുക്കുന്നത് അവസാനിപ്പിക്കുകയോ കുറവ് വരുത്തുകയോ വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കുടിവെള്ളം വിട്ടുകൊടുക്കാതിരിക്കുന്നതിലെ ഔചിത്യക്കുറവ് പരിഗണിക്കണമെന്നും വൈകാരിക ഇടപെടൽ വേെണ്ടന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
കരാർ പ്രകാരമുള്ള വെള്ളം വിട്ടു കിട്ടുന്നില്ലെങ്കിൽ ജില്ലയിലെ രണ്ടാംവിള കൃഷി അവതാളത്തിലാകുമായിരുന്നെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുകൊടുത്താൽ മാത്രമേ സംസ്ഥാനത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ. ആളിയാറിൽ ഇനി 1.4 ടി.എം.സി വെള്ളം മാത്രമാണുള്ളത്. പറമ്പിക്കുളം ഡാമിൽ ഉപയോഗിക്കാവുന്ന തരത്തിൽ 5.5 ടി.എം.സിയും. എത്രയും വേഗം 1.6 ടി.എം.സി വെള്ളം തുറന്നുവിട്ട് ആളിയാറിലെ അളവ് മൂന്ന് ടി.എം.സിയാക്കണമെന്നാണ് കേരളത്തിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.