സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ആക്രമണക്കേസിലെ എല്ലാ പ്രതികളും പിടിയിൽ; കീഴടങ്ങിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
text_fieldsതിരുവനന്തപുരം: സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ആക്രമണക്കേസിൽ എല്ലാ പ്രതികളും പിടിയിലായി. കഴിഞ്ഞ ദിവസം പുലർച്ച പൊലീസ് ആദ്യത്തെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വൈകീട്ടോടെ മൂന്നു പ്രതികൾ സ്റ്റേഷനിൽ സ്വമേധയാ ഹാജരായി കീഴടങ്ങുകയും ചെയ്തു.
കാട്ടാക്കട, ആര്യങ്കോട് സ്വദേശി സതീർഥ്യന്‍ (24), നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിയും ലോ അക്കാദമിയിലെ നാലാം സെമസ്റ്റർ എൽഎൽ.ബി വിദ്യാർഥിയുമായ ഹരിശങ്കര്‍ (23), തൃശൂർ സ്വദേശിയും സംസ്കൃത കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിയുമായ ലാല്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈകീട്ട് പാലിയേക്കര സ്വദേശി സ്റ്റെഫിൻ, കൃഷ്ണപുരം സ്വദേശി വിഷ്ണു, വെള്ളനാട് സ്വദേശി സന്ദീപ് എന്നിവരാണ് കീഴടങ്ങിയത്. ആക്രമണത്തിന് ഇവരുപയോഗിച്ച ബൈക്കും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
രണ്ടുദിവസം മുമ്പ് വഞ്ചിയൂരില്‍ നടന്ന സി.പി.എം-എ.ബി.വി.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നവരാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ച ആറ്റുകാല്‍ ആശുപത്രിയില്‍നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റിന് ശ്രമിച്ചിരുന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധംമൂലം സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ച വന്‍ പൊലീസ് സന്നാഹത്തോടെയെത്തി കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായത്. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപറ്റിയിരുന്നു. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലേന്ന് വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് തെളിവുകള്‍ ലഭിച്ചിരുന്നു.
എല്‍.ഡി.എഫ് മേഖല ജാഥ കടന്നുപോകുന്നതിനിടെ, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പിക്കാര്‍ നിവേദനം നല്‍കിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ സംഘര്‍ഷം നടന്നത്. അറസ്റ്റിലായ സതീർഥ്യന്റെ നേതൃത്വത്തിലായിരുന്നു നിവേദനം നല്‍കിയത്. പിന്നാലെ, എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണവും കല്ലേറുമുണ്ടായി. തുടർന്ന്, ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലും നടന്നു. ഇതിന്റെ തുടർച്ചയായിരുന്നു സി.പി.എം ഓഫിസ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.