‘എല്ലാം നഷ്ടപ്പെട്ടവർ; കരയാൻ പോലും മറന്നവർ’
text_fieldsചൂരൽമല-മുണ്ടക്കൈ ദുരന്ത ഭൂമിയിലെ നേർക്കാഴ്ചകൾ പങ്കുവെക്കുകയാണ് വളൻറിയറായി സേവനം ചെയ്ത പ്രവാസി അധ്യാപിക ലത കൃഷ്ണ
ദോഹ: ഒരുമാസത്തോളം നീണ്ട വേനലവധിയും കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് ദോഹയിലെ കേംബ്രിഡ്ജ് ഇൻറർനാഷനൽ സ്കൂളിലെ അധ്യാപിക ലത കൃഷ്ണ വീണ്ടും പ്രവാസമണ്ണിൽ തിരിച്ചെത്തിയത്. ടീച്ചറുടെ ശരീരം മാത്രമെ ഇപ്പോൾ ഖത്തറിലേക്ക് തിരികെയെത്തിയിട്ടുള്ളൂവെന്ന് പറയുന്നതാവും നല്ലത്. മനസ്സും ചിന്തകളുമെല്ലാം വയനാട്ടിലെ ദുരന്തഭൂമിയിൽ തന്നെയാണ്.
ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരിൽ ഒരാളായി മേപ്പാടിയിലെയും പരിസരത്തെയും സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും മോർച്ചറികളിലും ദുരിതത്തിനിരയായവർ അഭയംതേടിയ വീടുകളിലുമായി കഴിഞ്ഞ പത്തു ദിവസവും സജീവമായിരുന്നു ടീച്ചർ. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കണ്ണീർവാർക്കാൻ പോലുംകഴിയാതെ തകർന്നുപോയ ഒരുപാട് മനുഷ്യരാണ് ഇന്നും ഓർമകളിലുള്ളത്.
മേപ്പാടിയിൽ സജ്ജീകരിച്ച മോർച്ചറിയിലേക്ക് സൈറൺ മുഴക്കിയെത്തുന്ന ആംബുലൻസുകൾക്ക് പിന്നാലെ തങ്ങളുടെ ഉറ്റവരെ തിരയാൻ ഓടിയെത്തുന്ന നിസ്സഹായരായ മനുഷ്യരുടെ ചിത്രങ്ങൾ കണ്ണിനു മുന്നിലുണ്ട്.... ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടുന്ന ഗ്രാമം നക്കിത്തുടച്ച ദുരന്ത ദൃശ്യങ്ങൾ ഓർത്തെടുക്കുേമ്പാൾ ടീച്ചറുടെ കണ്ഠമിടറുന്നു.
വാക്കുകൾ മുറിഞ്ഞ് നിശ്ശബ്ദമാവുന്നു. നീണ്ട മൗനം കണ്ണീരായി മാറുന്നതും അറിയാം. അയൽവാസിയായ ശ്യാമളചേച്ചി മുതൽ അടുത്ത് പരിചയമുള്ള ഒരുപാട് പേരുടെ നഷ്ടങ്ങൾ ടീച്ചറുടെയും നഷ്ടങ്ങളായി മാറുന്നു.
വയനാടിനെ കുറിച്ച് പറയുേമ്പാൾ ആ മണ്ണിൽ ജനിച്ചുവളർന്ന ടീച്ചർക്ക് നൂറു നാവാണ്. ‘കാടും മലയും പച്ചപ്പുമുള്ള നാട്, ജാതിയുടെയോ മതത്തിന്റെയോ വിദ്വേഷങ്ങളില്ലാതെ സ്നേഹത്തോടെ മുനുഷ്യർ കഴിയുന്ന ഇടം. ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലമാണ് എന്റെ നാടെന്ന് എപ്പോഴും അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്.
അതുകൊണ്ടു തന്നെ പ്രവാസത്തിൽനിന്നും വാർഷിക അവധിയിൽ നാട്ടിലേക്ക് മടങ്ങുേമ്പാൾ വലിയ സന്തോഷമായിരുന്നു. അങ്ങനെ ഇരട്ടി സന്തോഷവുമായാണ് ഇക്കഴിഞ്ഞ ജൂലൈ ആദ്യവാരത്തിൽ നാട്ടിലേക്ക് മടങ്ങിയത്. പക്ഷേ, ഒരു മാസത്തിനുശേഷം ഏറ്റവും വലിയ വേദനയുമായാണ് ഞാൻ മടങ്ങിയെത്തുന്നത്. എനിക്കു മാത്രമല്ല, ഞങ്ങൾ വയനാട്ടുകാർക്കും മലയാളികൾക്കുമെല്ലാം ഏറ്റവും വേദനയുള്ളതായിരുന്നു കഴിഞ്ഞ ദിവസങ്ങൾ’ -ദോഹയിൽ മടങ്ങിയെത്തിയ ലത ടീച്ചർ പറയുന്നു.
‘സൈറൺ മുഴക്കിയെത്തിയ ദുരന്തവാർത്ത’
ജൂലൈ 30 ചൊവ്വാഴ്ച. ആ ദുരന്ത ദിവസം ലത ടീച്ചർ ഓർക്കുന്നത് ഇങ്ങനെയാണ്. ‘ചൂണ്ടേൽ കണ്ണൻചാത്താണ് ഞങ്ങളുടെ വീട്. രാവിലെ 5.30 സമയത്ത് അസാധാരണമാം വിധം സൈറൺ മുഴക്കി ആംബുലൻസുകൾ ചീറിപ്പായുന്നത് കേട്ടാണ് അന്നുണർന്നത്.
വീടിന് മുന്നിലൂടെ ആംബുലൻസുകൾ പോകുന്നത് പതിവാണെങ്കിലും ഈ കുതിപ്പ് തീർത്തും അസ്വാഭാവികതയുള്ളതായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി ആംബുലൻസുകൾ ചീറിപ്പായുന്ന ശബ്ദം കേട്ടപ്പോഴേ അരുതാത്തതെന്തോ സംഭവിച്ചുവെന്നുറപ്പിച്ചു. ഇതിനു പിന്നാലെയാണ് ഞങ്ങളുടെ അയൽവാസിയായ ശ്യാമളേച്ചി വീട്ടിലേക്ക് ഓടിയെത്തുന്നത്. ചൂരൽമലയിൽ ഉരുൾപൊട്ടിയതായും വലിയ അത്യാഹിതം നടന്നതായും അവർ പറഞ്ഞു.
ചൂരൽമല-മുണ്ടക്കൈ പ്രദേശത്തുള്ള അവരുടെ സഹോദരങ്ങൾ ഉൾപ്പെടെ ബന്ധുക്കളെ ഫോണിൽ കിട്ടുന്നില്ലെന്ന പരിഭ്രാന്തിയിലായിരുന്നു ചേച്ചിയെത്തിയത്. അവർക്കൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന് ചേച്ചിയെ സമാധാനിപ്പിച്ചെങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്ന് പതിയെ തിരിച്ചറിയുകയായിരുന്നു.
പിന്നെ എനിക്കും വീട്ടിലിരിപ്പുറച്ചില്ല. ഞങ്ങളുടെ വില്ലേജിന്റെ കൂടി ഭാഗമായ പ്രദേശം ഇത്തരത്തിലൊരു ദുരന്തത്തിനിരയായതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും. അതിരാവിലെ തന്നെ പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവർക്കൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമായി.
ആ ദിവസം തന്നെ ഞങ്ങളും അതിന്റെ ഭാഗമായി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മോർച്ചറിയിലുമായി ടീം വെൽഫെയറിന്റെ ഭാഗമായി പ്രവർത്തിച്ചു. ഞാനും ഭർത്താവ് കൃഷ്ണനുമുണ്ടായിരുന്നു.
മോർച്ചറിയിൽ സേവനം ചെയ്യുന്നതിനിടെയായിരുന്നു നിലമ്പൂരിൽനിന്നും കണ്ടെത്തിയ 40 ഓളം മൃതദേഹങ്ങൾ ആംബുലൻസിൽ എത്തിക്കുന്നത്.
ഓരോ ശരീരമെത്തുേമ്പാഴും തങ്ങളുടെ ഉറ്റവരാണോ എന്നറിയാൻ ഓടിയെത്തുന്ന മനുഷ്യരുടെ കാഴ്ച ഹൃദയഭേദകമായി. ക്യാമ്പിന് പുറമെ, ബന്ധുവീടുകളിലേക്ക് മാറിയവരിലേക്കും ഞങ്ങളുടെ സംഘമെത്തി. അവർക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചു നൽകി.
എല്ലാം നഷ്ടമായവർക്ക് പുതു ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങളുണ്ട് എന്ന സന്ദേശം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം’ -രാജ്യം നടുങ്ങിയ ദുരന്തത്തിന്റെ നേർക്കാഴ്ചകൾ ലത ടീച്ചർ വിവരിക്കുന്നു. കണ്ണീരായിരുന്നു ഈ ദിവസങ്ങളിലെല്ലാം. എല്ലാം നഷ്ടമായവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ പോയ നാളുകൾ.
കൈകാലുകളിലെ വിറ ഇപ്പോഴും മാറുന്നില്ല. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. മനുഷ്യനെ എത്രമാത്രം നിസ്സഹായനാക്കുന്നതാണ് ദുരന്തം. ഒരു അഹങ്കാരത്തിനും ആയുസ്സില്ലെന്ന് കൂടി പഠിപ്പിക്കുകയാണിത്’ -എട്ടുവർഷത്തോളമായി ദോഹയിൽ അധ്യാപികയായി ജോലി ചെയ്യുന്ന ലത കൃഷ്ണ പറഞ്ഞു.
ഇപ്പോൾ കണക്കുകൂട്ടുന്നതിനും അപ്പുറമായിരിക്കും മരണ സംഖ്യയെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇവർ. നാട്ടുകാർക്കു പുറമെ, ആ പ്രദേശത്തുള്ള ടൂറിസം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും നിരവധി അന്യസംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ട്.
അവരിൽ ആരൊക്കെയാണ് രക്ഷപ്പെട്ടതെന്നോ നഷ്ടമായതെന്നോ കണക്കില്ല- പിറന്ന മണ്ണ് ദുരന്തഭൂമിയായി മാറിയതിന്റെ നടുക്കുന്ന ഓർമകളുമായി വീണ്ടും ജോലിത്തിരക്കിൽ സജീവമാകാൻ ഒരുങ്ങുകയാണ് ടീച്ചർ. ഖത്തറിലെ പ്രവാസി വെൽഫെയർ കമ്മിറ്റി അംഗം കൂടിയായ ഇവർ പൊതുപ്രവർത്തനങ്ങളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.