മഴക്കെടുതി: ചെന്നൈയിലേക്ക് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും നൽകും -മുഖ്യമന്ത്രി
text_fieldsതൃശൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരമാകെ പേമാരിയിൽ കനത്ത ദുരിതം അനുഭവിക്കുകയാണ്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തുനിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയാറാവണമെന്ന് അഭ്യർത്ഥിക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.
പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാര്ട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുകയാണ്.
കാർഷിക മേഖലയിൽ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ, നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ചിലർ. 2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,17,794 ടണ്‍ നെല്ലാണ് സപ്ലൈകോ വഴി സംഭരിച്ചത്. സംഭരണ വിലയായി 1,322 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കിയത്. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത് -മുഖ്യമന്ത്രി വ്യക്തമാക്കി
നവകേരള സദസ്സ് തൃശൂർ ജില്ലയിൽ രണ്ടാം ദിവസം
നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിൽ രണ്ടാം ദിവസമാണ്. ഇന്നലെ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. മണലൂർ, നാട്ടിക, ഒല്ലൂർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇന്ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.