വീട്ടിലെ അതിക്രമം: കൃഷ്ണ കുമാറിനൊപ്പം കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുണ്ടാകും -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സിനിമാതാരം കൃഷ്ണ കുമാറിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അനുകൂലിച്ചതിന്‍റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ചിലർ വധഭീഷണി മുഴക്കിയിരുന്നു.
തീവ്രവാദ സ്വഭാവമുള്ള ചിലർ അദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്‍റെ വീടിന് നേരെയുണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബി.ജെ.പി പ്രവർത്തകരുമുണ്ടാവുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫാസിൽ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഗേറ്റിലടിച്ചു ഇയാൾ ബഹളംവെക്കുകയായിരുന്നു. കൃഷ്ണകുമാർ കാര്യം അന്വേഷിച്ചപ്പോൾ മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞതോടെ ഇയാൾ ചാടി അകത്തുകയറി. തുടർന്ന് വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചതോടെ പൊലീസിനെ വിളിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.