തമിഴ്‌നാട് മാതൃകയില്‍ മുഴുവന്‍ പൗരത്വ കേസുകളും പിന്‍വലിക്കണം -എം.എം. ഹസന്‍
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ 2282 കേസുകളും പിന്‍വലിച്ചതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേരളത്തിലെ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. കേരളത്തിലെ 835 കേസുകളില്‍ ഒരു ഭാഗം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായതു തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ ഉണ്ടിരുന്ന തമ്പ്രാന് ഉള്‍വിളി വന്ന പോലെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും ഒരു മിനിറ്റ് കൊണ്ട് എടുക്കാവുന്ന തീരുമാനമായിരുന്നു ഇതെന്ന് ഹസന്‍ പറഞ്ഞു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ നൽകിയ കേസ് പോലും നിലനിൽക്കുന്നതല്ല. ഭരണഘടനയുടെ 131-ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി നൽകിയത്. ഇത് അന്തര്‍സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, പൗരത്വനിയമ ഭേദഗതിയിലുള്ളത് മൗലികാവകാശങ്ങളുടെ ലംഘനവും ജാതിയും മതവും അടിസ്ഥാമാക്കിയുള്ള വിവേചനവുമാണ്. ഇതിനെതിരേ ഭരണഘടനയുടെ 13/2 വകുപ്പ് പ്രകാരമാണ് കേസുകൊടുക്കേണ്ടത്. മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ് നൽകിയത്. മാത്രമല്ല ഇവര്‍ വ്യക്തികള്‍ എന്ന നിലയിലാണ് കേസ് നൽകിയത്. ഭരണഘടനയുടെ 13/2 വകുപ്പ് പ്രകാരം കേസുകൊടുക്കാന്‍ മുഖ്യമന്ത്രിയെ ഹസന്‍ വെല്ലുവിളിച്ചു.
എല്‍.ഡി.എഫ് നടത്തിയ അതീവഗുരുതരമായ നിയമസഭ അക്രമക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ വരെ പോയി 9 വര്‍ഷമായി നിയമപോരാട്ടം നടത്തിയ ചരിത്രമാണ് പിണറായിക്കുള്ളത്. അവിടെയെല്ലാം തോറ്റമ്പിയത് ഇതു ഗുരുതരമായ കേസായതു കൊണ്ടാണ്. പൗരത്വനിയമ ഭേദഗതിക്കെതിരേ മുദ്രാവാക്യം വിളിച്ചതും സമരം നടത്തിയതും ഗുരുതരമായ കേസാണോയെന്ന് ഹസന്‍ ചോദിച്ചു.
യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. സിദ്ധാർഥിനു പിന്നാലെ നൃത്താധ്യാപകന്‍ ഷാജി പൂക്കോട്ടയുടെ മരണത്തിലും എസ്.എഫ്.ഐയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണം. കാമ്പസുകളില്‍ നടക്കുന്ന വ്യാപകമായ അക്രമങ്ങളെക്കുറിച്ച് സിറ്റിങ് ജഡ്ജി അന്വേഷിക്കണം. അക്രമങ്ങള്‍ നടക്കുന്ന കാമ്പസുകളില്‍ എസ്.എഫ്.ഐയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് അവിടെ അവരുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.