എല്ലാ പ്രതീക്ഷയുമറ്റ് ആ അച്ഛനും അമ്മയും
text_fieldsആലുവ: കാണാതായ മകൾക്കായുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുമ്പോഴും പ്രതീക്ഷയിലായിരുന്നു ബിഹാർ സ്വദേശികളായ ദമ്പതികൾ. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് നേരം ഇരുട്ടിവെളുക്കുന്നതു വരേ ആയുസ്സുണ്ടായിരുന്നുള്ളൂ. മകൾക്കുവേണ്ടി നാട് മുഴുവൻ ഓടിനടക്കുമ്പോൾ അവൾ പെരിയാർ തീരത്ത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന യാഥാർഥ്യം അവർ അറിഞ്ഞിരുന്നില്ല.
പിഞ്ചുമകൾ ഇനി തിരിച്ചുവരില്ലെന്ന വിവരമറിഞ്ഞതോടെ ഇരുവരും തകർന്നുപോയി. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിന് സമീപത്തുള്ള വാടകവീട്ടിൽനിന്ന് കൂട്ട നിലവിളി ഉയർന്നു. ഇത് സമീപത്തുള്ളവരെയും കണ്ണീരിലാഴ്ത്തി. നാല് വർഷമായി ഇവർ ഇവിടെ താമസിക്കുന്നു. കൊല്ലപ്പെട്ട കുട്ടി ഉൾപ്പെടെ നാല് മക്കളാണ് ഇവർക്കുള്ളത്. മൂത്തമകളും മരിച്ച കുട്ടിയും തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സ് എൽ.പി സ്കൂളിലാണ് പഠിക്കുന്നത്. കുട്ടികളെ പഠിപ്പിച്ച് നല്ലനിലയിലാക്കണമെന്നായിരുന്നു ഇവരുെട മോഹം. അതിനാൽ ഇല്ലായ്മകൾക്കിടയിലും കുട്ടികളുടെ പഠനകാര്യങ്ങൾക്ക് അവർ താൽപര്യം കാണിച്ചിരുന്നു.
പിതാവ് ജിപ്സം ബോർഡ് പണികൾ സബ് കോൺട്രാക്ട് എടുത്തു ചെയ്യുകയാണ്. മാതാവ് ഇടക്ക് വീട്ടുപണിക്ക് പോകാറുണ്ട്. വീട്ടിൽ പണിത്തിരക്കിലായിരിക്കുമ്പോഴാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അസ്ഫാഖ് ആലം കൂട്ടിക്കൊണ്ടുപോകുന്നത്. മാതാവ് എല്ലായിടത്തും അന്വേഷിച്ചു. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
പാലക്കാട്ട് ജോലിയിലായിരുന്ന പിതാവ് വിവരമറിഞ്ഞ് രാത്രിയാണ് വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് മൃതദേഹം കണ്ടെത്തിയ വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് പൊലീസ് പിതാവിനെ മൃതദേഹം കാണിച്ച് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.