റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സാധാരഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് റിയാസ് മൗലവി കേസിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സംഭവം നടന്ന് 96 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശക്തമായ പൊലീസ് നിലപാടിന്‍റെ ഭാഗമായി പ്രതികൾ ഏഴ് വർഷം വിചാരണ തടവുകാരായി കഴിഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ജാമ്യം അനുവദിച്ചില്ല. മതസ്പർദ വളർത്താനുള്ള കുറ്റകൃത്യം എന്ന വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസ് അന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും പുലർത്തിയത്" -മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയധികം തെളിവുകളും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷൻ കണ്ടെത്തലുകളെ ശരിവെച്ചില്ല എന്നത് സമൂഹത്തിൽ ഞെട്ടലുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷത്തിന്‍റെ പുറത്ത് മനുഷ്യനെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെ വിട്ടിരുന്നു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ. ബാലകൃഷ്ണൻ. ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.