തിരുവനന്തപുരത്ത് അദാനി വേണ്ട; നിയമസഭയിൽ പ്രമേയം കൊണ്ടുവരും, വിയോജിച്ചത് ബി.ജെ.പി മാത്രം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ആഗസ്റ്റ് 24നാണ് നിയമസഭ സമ്മേളനം. സർവകക്ഷി യോഗത്തില്‍ ബി.ജെ.പി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ത്തു.
നിയമനടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി വിഷയത്തില്‍ മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. വിമാനത്താവളം ആരെടുത്താലും സംസ്ഥാന സര്‍ക്കാറിെൻറ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാവിെല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെല്ലുവിളിച്ച് വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. വിമാനത്താവളം സംസ്ഥാന സര്‍ക്കാറിനെ ഏല്പിക്കാമെന്ന് ഉന്നതതലത്തില്‍ തന്ന വാക്ക് കേന്ദ്രം പാലിച്ചില്ല. സ്വകാര്യവത്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ നൽകിയ സഹായസഹകരണങ്ങള്‍ നൽകാനാകില്ല.
സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഹൈകോടതിയിൽ നിലനില്ക്കുന്നു. നിയമനടപടികള്‍ സാധ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാൻ നിയമോപദേശം തേടും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെ സംസ്ഥാന താല്പര്യം സംരക്ഷിക്കാൻ തീരുമാനമെടുക്കണം. ബി.ജെ.പിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവരും പിന്മാറും. ഒന്നിച്ചുനിന്നാല്‍ തീരുമാനം മാറ്റിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നതിനെയും അദ്ദേഹം പിന്തുണച്ചു. വ്യോമയാന മേഖലയില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് അംഗീകരിക്കാനാവില്ല.
എം.വി. ഗോവിന്ദന്, തമ്പാനൂര്‍ രവി, മന്ത്രി ഇ. ചന്ദ്രശേഖരന്, സി. ദിവാകരന്, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സി.കെ. നാണു, പി.ജെ. ജോസഫ്, ടി.പി. പീതാംബരന്, ഷെയ്ഖ് പി. ഹാരിസ്, എ.എ. അസീസ്, ജോര്‍ജ് കുര്യന്, മനോജ്കുമാര്‍, പി.സി. ജോര്‍ജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.