ഒരുമിച്ചുള്ള സമരത്തെക്കുറിച്ച് സർവകക്ഷി യോഗത്തിൽ ധാരണയായില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാറുമായി ചേർന്ന് ഒരുമിച്ചുള്ള സമരത്തിന് വ്യക്തമായ ധാരണ സർവകക്ഷി യോഗത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. തുടർനടപടികൾക്ക് യോഗം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, യോഗത്തിൽ ബി.ജെ.പി അംഗങ്ങൾക്കെതിരെ ‘ഗോ ബാക്ക്’ വിളി ഉണ്ടായി. എ.കെ ബാലൻ സ്വാഗതം പറഞ്ഞ ഉടനെയായിരുന്നു സംഭവം. തുടക്കത്തിൽ തന്നെ ബി.ജെ.പി നേതാക്കൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടർ പ്രതിഷേധങ്ങൾ ചർച്ചചെയ്യാനാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എൻ.എസ്.എസും എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും എത്തിയില്ല. വെള്ളാപ്പള്ളി നടേശൻ യോഗത്തിന് പ്രതിനിധിയെ അയക്കുകയായിരുന്നു.
പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയില്ല. എൽ.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണം -ചെന്നിത്തല
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ കേന്ദ്ര സർക്കാറിനെയും രാഷ്ട്രപതിയെയും അറിയിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം ഉടൻ വിളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സർവകക്ഷി പ്രതിനിധികളുടെ സംഘം രാഷ്ട്രപതിയെ സന്ദർശിക്കണം, കേരളത്തിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ അനാവശ്യമായി കേസുകൾ ചുമത്തുന്നത് അവസാനിപ്പിക്കണം, യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ഈ സാഹചര്യത്തിൽ ഉപയോഗിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം, കേരളത്തിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാറിന് കേന്ദ്ര സർക്കാറിന്‍റെ നിർദേശം ലഭിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം അറിയിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചതായി രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ആശങ്കപരിഹരിക്കാൻ കൂടുതൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
സർവകക്ഷി യോഗം ഭരണഘടന വിരുദ്ധം -ബി.ജെ.പി
പാർലമെന്‍റ് അംഗീകരിച്ച് നിയമമായി മാറിയ ഭരണഘടന ഭേദഗതിക്കെതിരെ ജനങ്ങളെ അണിനിരത്താൻ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് പോലെ കേരള സർക്കാർ ചെയ്യാൻ പാടില്ലെന്ന് സർവകക്ഷി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ബി.ജെ.പി നേതാവ് എം.എസ് കുമാർ പറഞ്ഞു. ഇത്തരത്തിൽ യോഗം വിളിക്കാൻ കേരള സർക്കാറിന് അധികാരമില്ലെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ബി.ജെ.പി നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.