സമ്പാദ്യമെല്ലാം കരുവന്നൂര്‍ ബാങ്കില്‍; മനംനൊന്ത് അയര്‍ലൻഡില്‍ മരണം
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുള്ള പൊറത്തിശ്ശേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ വിന്‍സന്റിന്റെ (72) മരണം മനോവിഷമത്തെ തുടർന്നെന്ന് ആക്ഷേപം. അയര്‍ലൻഡിലെ ദ്രോഗഡയിൽ ഞായറാഴ്ചയായിരുന്നു മരണം. രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിലായിരുന്നു വിന്‍സെന്റ് ജോലി ചെയ്തിരുന്നത്. കൊല്ലം പത്തനാപുരം സ്വദേശിനിയായ ഭാര്യ താര രാജസ്ഥാനിലെ ഇൻഡസ്ട്രിയൽ ആശുപത്രിയിൽ നഴ്സായിരുന്നു. 28 വർഷത്തോളം ഇവർ കുടുംബസമേതം രാജസ്ഥാനിലായിരുന്നു.
2002ല്‍ വിൻസെന്റ് വിരമിച്ചശേഷം ഇവർ ഇരിങ്ങാലക്കുടയില്‍ താമസമാക്കി. സുരക്ഷിതജീവിതം സ്വപ്നം കണ്ട് സമ്പാദ്യമെല്ലാം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. സിവില്‍ സ്റ്റേഷനുസമീപം വിന്‍സെന്റ് ചെറിയ ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ താര അയര്‍ലൻഡില്‍ ജോലിക്കുപോയി. അധികം വൈകാതെ വിന്‍സെന്റും അങ്ങോട്ട് പോയി.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് ഏറെ നാളായി പലിശപോലും ലഭിക്കുന്നിെല്ലന്നുള്ളത് ഇവരെ വിഷമത്തിലാക്കിയിരുന്നതായി പറയുന്നു. സമ്പാദ്യമെല്ലാം നഷ്ടപ്പെടുമോയെന്ന ചിന്തയിൽ വിൻസെന്റ് വിഷാദരോഗ ബാധിതനായി. ഇതിനിടെ രണ്ടുതവണ സ്ട്രോക്ക് വന്നു. വെന്റിലേറ്ററിലായിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തികസഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് കുടുംബം. സംസ്കാരം പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: തുഷാര, അമൂല്യ, അഭയ. മരുമക്കള്‍ ശോഭന്‍, ടിന്റു.
വിന്‍സെന്റിന്റെ കുടുംബാംഗങ്ങളെ ടി.എന്‍. പ്രതാപന് എംപി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ 12 ലക്ഷം രൂപയോളം െചലവുവരുമെന്നും കരുവന്നൂരിലെ നിക്ഷേപം തിരികെ ലഭിച്ചാൽ ഇതിന് ഉപകാരപ്പെടുമെന്നും കുടുംബാംഗങ്ങള്‍ എം.പിയോട് ആവശ്യപ്പെട്ടു. നിക്ഷേപം തിരികെ ലഭിക്കാൻ ശ്രമങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും എം.പി പറഞ്ഞു. അയര്‍ലൻഡിലെ മലയാളിസമൂഹവും സഹായങ്ങളുമായി രംഗത്തുണ്ട്.
പ്രാദേശികമായി ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. താരയുടെ അക്കൗണ്ടിലേക്ക് തുക ലഭ്യമാകുംവിധത്തിലാണ് ക്രമീകരണം. ടി.എന്‍. പ്രതാപന് എം.പിയോടൊപ്പം ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സൻ സുജ സഞ്ജീവ് കുമാര്‍, കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.