ക്ലേശമെല്ലാം നീങ്ങി, കണ്ണീരെല്ലാം തുടച്ച്
text_fieldsകൊല്ലം: ‘വഴിയിലുപേക്ഷിച്ചെങ്കിലും പോയാൽ മതിയായിരുന്നു, ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു’ അബിഗേൽ സാറ റെജിയെന്ന പൊന്നോമനക്കായുള്ള കാത്തിരിപ്പിനിടയിൽ വീടിന് ചുറ്റും കൂടിയവരിൽ പലരും പതം പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് ഒരു പോറലേറ്റെന്ന് പോലും കേൾക്കാനുള്ള ത്രാണിയില്ലായിരുന്നു ആ മനുഷ്യർക്ക്. എങ്ങനെ എങ്കിലും തിരിച്ചുകിട്ടണേ എന്ന പ്രാർഥന മാത്രം നിറഞ്ഞ ആ വീട്ടുമുറ്റത്തേക്ക് ആഹ്ലാദാരവങ്ങൾ നിറച്ചാണ് ഉച്ചക്ക് 1.37ന് ആ വാർത്ത എത്തിയത്, അബിഗേലിനെ കണ്ടെത്തിയിരിക്കുന്നു.
കൈയടിച്ചും വിസിലടിച്ചും മുദ്രാവാക്യം മുഴക്കിയുമെല്ലാം ആളുകൾ ആഹ്ലാദം പ്രകടിപ്പിച്ചു. വീട്ടിനുള്ളിൽ മുറിയിൽ തളർന്ന് കിടക്കുകയായിരുന്ന മാതാവ് സിജിയും സഹോദരൻ ജോനാഥനും ബന്ധുക്കളും ഹാളിലേക്ക് എത്തിയപ്പോഴേക്കും ആഹ്ലാദക്കരച്ചിൽ വീട്ടിലുയർന്നു. പരസ്പരം കെട്ടിപ്പിടിച്ചും കരഞ്ഞും ബന്ധുക്കൾ സന്തോഷം പങ്കിട്ടു. ഹാളിൽ സോഫയിലിരുന്ന സിജിക്കും ജോനാഥനും മുത്തച്ഛൻ ജോണിനും ചുറ്റും പ്രിയപ്പെട്ടവർ ഒത്തുചേർന്നു. ദൈവത്തിന് നന്ദിയർപ്പിച്ചുള്ള പ്രാർഥനയിൽ ഏവരും പങ്കുചേർന്നു.
സിജിയുടെ ഫോണിലേക്ക് റെജിയുടെ വിഡിയോ കാൾ എത്തിയതോടെ സ്ക്രീനിൽ പൊന്നോമനയുടെ മുഖം കണ്ട് മനസ്സ് നിറഞ്ഞ് എല്ലാവരും പുഞ്ചിരിച്ചു. മണിക്കൂറുകൾ നീണ്ട നെഞ്ചുരുകൽ അങ്ങനെ മധുരവിതരണത്തിലേക്ക് വഴിമാറി. അബിഗേൽ വീട്ടിലേക്ക് എത്തുന്നതിനായുള്ള കാത്തിരിപ്പായി പിന്നീട്. എന്നാൽ, കൊല്ലത്തുനിന്ന് കുഞ്ഞിനെ ഉടൻ വീട്ടിൽ എത്തിക്കില്ലെന്ന് പിന്നാലെ അറിയിപ്പെത്തി. ഇതിനെ തുടർന്നാണ് വീട്ടിൽനിന്ന് മാതാവ്സിജിയും സഹോദരൻ ജോനാഥനും വൈകീട്ടോടെ കൊല്ലത്ത് എ.ആർ ക്യാമ്പിലെത്തിയത്. അവിടെ ഹൃദയംനിറക്കുന്ന കാഴ്ചയായി കുടുംബത്തിന്റെ കൂടിച്ചേരൽ. ഉച്ചക്കുതന്നെ പിതാവിന്റെ കൈയിലെത്തിയ കുഞ്ഞിന് എല്ലാ വിഷമങ്ങൾക്കുമുള്ള മരുന്നായിരുന്നു അമ്മയും ചേട്ടനുമായുള്ള ഒത്തുചേരൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.